നിലമ്പൂരിൽ 15 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം: മുഖ്യപ്രതി അറസ്റ്റില്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്!
നിലമ്പൂർ : പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണ സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് പിടികൂടി.
വിനീഷ് ആണ് പിടിയിലായത്. പന്നിയെ വേട്ടയാടാൻ വേണ്ടിയാണ് വൈദ്യുതി എടുത്തതെന്ന് വിനീഷ് സമ്മതിച്ചു.
മാത്രമല്ല, വേട്ടയാടിയ പന്നിയുടെ ഇറച്ചി വില്‍ക്കാറുണ്ടെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. വിനീഷ് ഒരു കർഷകനല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ സഹായികളായ മറ്റ് രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവദിവസം, സമീപത്തെ തോട്ടില്‍ മീൻ പിടിക്കാൻ പോയതായിരുന്നു അനന്തുവും മറ്റ് രണ്ട് വിദ്യാർത്ഥികളും. സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടിക്കാൻ സ്ഥാപിച്ച കെണിയില്‍ നിന്നാണ് അനന്തുവിനും കൂട്ടുകാർക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് വൈദ്യുതി പ്രവഹിച്ചാണ് അപകടമുണ്ടായത്.
വൈദ്യുതി ലൈനില്‍ നിന്ന് കമ്ബി ഉപയോഗിച്ച് പന്നിയെ പിടിക്കാനുള്ള കുരുക്കിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. അനധികൃത ഫെൻസിംഗില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.