പണമൊഴുക്കിയും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി; വാര്‍ഡുകളിലേക്ക് ലക്ഷങ്ങള്‍ ഒഴുകും; സമൂഹ മാധ്യമങ്ങള്‍ക്കായി 60 അംഗ പ്രഫഷണല്‍ ടീം; പ്രതിമാസ ചെലവ് ഒന്നരക്കോടി; ധൂര്‍ത്ത് ആരോപണം ഉയര്‍ത്തി എതിര്‍ചേരി
തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ രാജീവ് ചന്ദ്രശേഖര്‍ പിടിമുറുക്കിയതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയാണെങ്കിലും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ലക്ഷ്യം.
ജയ സാധ്യതയുള്ള കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 10 മുതല്‍ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. പഞ്ചായത്ത് വാര്‍ഡുകളില്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കും. നഗരസഭാ വാര്‍ഡുകളില്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെയും ചെലവാക്കും. ഭരണം ലഭിക്കാന്‍ സാധ്യതയുള്ള പഞ്ചായത്തുകളില്‍ 10 ലക്ഷം രൂപ അധികമായി നല്‍കാനും തീരുമാനമുണ്ട്. പതിനായിരം വാര്‍ഡുകളില്‍ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. 25 നഗരസഭകളില്‍ ഭരണം ഉറപ്പാണെന്നും 400 ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്നും ദേശീയ നേതൃത്വത്തിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയെന്നാണു വിവരം.
തൃശൂര്‍ കോര്‍പ്പറേഷനും തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി വേതനം നല്‍കി ആളുകളെ ചുമതലപ്പെടുത്താനും നീക്കമുണ്ട്. ഓരോ മേഖലയിലും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മുപ്പതിനായിരം രൂപ പ്രതിമാസ ശമ്ബളം നല്‍കും. സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രൊഫഷണല്‍ ടീമിനെയാണ് രംഗത്ത് ഇറക്കുന്നത്. അരലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ ശമ്ബളത്തിലാണ് ഇതിനായി ജീവനക്കാരെ സജ്ജീകരിച്ചിരിക്കുന്നത്. 60 അംഗ സോഷ്യല്‍ മീഡിയ സംഘത്തിനാണ് ദൗത്യത്തിന്റെ പ്രധാന ചുമതല.
ഇതിനിടെ സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന ആരോപണവും രാജീവ് ചന്ദ്രശേഖര്‍ വിരുദ്ധചേരി ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ പ്രതിമാസ ചെലവ് കുത്തനെ കൂടിയെന്നാണ് ആരോപണം. 30 ലക്ഷത്തില്‍ നിന്നും ഒന്നരക്കോടിയിലേറെ രൂപയിലേക്കാണ് ചെലവ് ഉയര്‍ന്നിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപവരെ ശമ്ബളം വാങ്ങുന്ന ജീവനക്കാര്‍ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേതാക്കളുടെ യാത്രകളും വിമാനത്തിലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേതാക്കന്മാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം പതിവാക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.
നേതാക്കളുടെ തന്നിഷ്ടത്തിലും സാമ്ബത്തിക ക്രമക്കേടുകളുടെ പേരിലൂം വലിയ ആരോപണങ്ങള്‍ നേരിട്ട ബിജെപിയെ വെട്ടിയൊതുക്കി ദേശീയ നേതൃത്വത്തിന്റെ അച്ചടക്ക ചട്ടക്കൂടിലേക്കു നയിക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന കമ്മിറ്റിയുടെ പുനസംഘടനയും അടുത്തിടെ നടത്തിയത്. സംസ്ഥാന ബിജെപിയെ സ്വന്തം കൈപ്പിടിയിലാക്കുന്നതിനൊപ്പം ജനസ്വീകാര്യതയുള്ളവരെയും മിതവാദികളെയും മുന്‍നിരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് രാജീവ് ഏറ്റെടുത്തിരിക്കുന്നത്. അവഗണിക്കപ്പെട്ടു കിടന്ന കൃഷ്ണദാസ് പക്ഷത്തെ പരിഗണിക്കുകയും മുരളീധര- സുരേന്ദ്രന്‍ പക്ഷത്തെ തെറിപ്പിക്കുകയും ചെയ്താണു പുതിയ സംസ്ഥാന ഭാരാവാഹി പട്ടിക പുറത്തുവിട്ടത്. വി. മുരളീധരനും കെ. സുരേന്ദ്രനും പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോയതുപോലെയാകില്ല തന്റെ പ്രവര്‍ത്തനമെന്നും രാജീവ് വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെ.
പ്രഖ്യാപിച്ച നാല് ജനറല്‍ സെക്രട്ടറിമാരില്‍ ആരും വി മുരളീധരന്‍ പക്ഷക്കാരില്ല. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജന. സെക്രട്ടറിമാര്‍. എം.ടി. രമേശും, ശോഭാ സുരേന്ദ്രനും കടുത്ത സുരേന്ദ്രന്‍ വിരുദ്ധരാണ്. പത്ത് വൈസ് പ്രസിഡന്റുമാരില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയുമുണ്ട്. ഷോണ്‍ ജോര്‍ജ്, അഡ്വ വി. ഗോപാലകൃഷ്ണന്‍, കെ.കെ. അനീഷ് കുമാര്‍, കെ.എസ്. രാധാകൃഷ്ണന്‍, സി. കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് വൈസ് പ്രസിഡന്റുമാര്‍. ഷോണ്‍ ജോര്‍ജ്, അനൂപ് ആന്റണി എന്നിവരെ സംസ്ഥാന ഭാരവാഹിയാക്കിയതിലൂടെ പാര്‍ട്ടിയിലെ ക്രൈസ്തവ മുഖമായി ഇവര്‍ മാറും.
രാജീവ് ചന്ദ്രശേഖറിന്റെ വരവില്‍ ഏറ്റവും ഭയന്നിരുന്നത് മുരളീധരനും സുരേന്ദ്രനുമായിരുന്നു. തൃശൂരില്‍ കഴിഞ്ഞ മാസത്തില്‍ നടന്ന യോഗത്തിലും ഇരുവരെയും ഒഴിവാക്കി. കടുത്ത പ്രതിഷേധമറിയിച്ച നേതാക്കള്‍ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചെങ്കിലും മോദിയും അമിത് ഷായും രാജീവിനു പിന്തുണ നല്‍കി. രാഷ്ട്രീയം പറയുന്നില്ലെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയം സംസ്ഥാനത്ത് ഗുണം ചെയ്യില്ലെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ നീക്കങ്ങളില്‍ കെ സുരേന്ദ്രന്റെ ആരോപണം. പാര്‍ട്ടിയില്‍ കൃഷ്ണദാസ് പക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് സംസ്ഥാന അധ്യക്ഷന്‍ ചെവികൊടുക്കുന്നതെന്നും, ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമായിരുന്നു ഇരു നേതാക്കളുടേയും ആരോപണം. എന്നാല്‍ ആരോപണങ്ങളില്‍ മറുപടി പറയാന്‍ രാജീവ് ചന്ദ്രശേഖര്‍ തയാറായില്ല.
കേരളത്തിലെ ബിജെപിയെ പ്രതിരോധത്തിലാക്കിയ നിരവധി ആരോപണങ്ങള്‍ മുന്‍ അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ഉയര്‍ന്നിരുന്നു. കൊടകര കുഴല്‍പ്പണക്കേസും, കാസര്‍ഗോട്ടെ സുന്ദരകേസും വയനാട്ടിലെ സി.കെ. ജാനുവിന് സ്ഥാനാര്‍ഥിയാകാന്‍ കോഴകൊടുത്തെന്ന കേസും ബിജെപിയെ പ്രതിരോധത്തിലാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രന് സീറ്റ് നിഷേധിച്ചതുമായി ഉയര്‍ന്ന ആരോപണങ്ങള്‍, ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, സന്ദീപ് വാര്യര്‍ പാര്‍ട്ടിവിട്ടതും ബിജെപിയിലെ വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ ടീമുമായുണ്ടായ അഭിപ്രായഭിന്നതയുമെല്ലാം കേന്ദ്രനേതൃത്വം ഗൗരവത്തോടെയാണു കണ്ടത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയശേഷം സുരേന്ദ്രനെതിരേ രൂക്ഷമായ ആക്രമണമാണ് ടിവി ചാനലുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉയര്‍ത്തുന്നത്.
കേരളത്തിലെ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിനുമായാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖരനെ ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷ പദവിയേല്‍പ്പിച്ചത്. ബിജെപി ദേശീയ നേതൃത്വം ഏറെക്കാലമായി കേരളത്തിലെ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും ചിലനേതാക്കളുടെ മേല്‍ക്കോയ്മയും ഇല്ലാതാക്കാന്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ സംസ്ഥാന ഭാരവാഹിപട്ടികയില്‍ വി. മുരളീധരന്‍ പക്ഷത്തെ വെട്ടിയൊതുക്കിയതെന്നാണു പറയുന്നത്. കെ. സുരേന്ദ്രനുമായി അകല്‍ച്ചയിലായിരുന്ന എം.ടി. രമേഷും, ശോഭാ സുരേന്ദ്രനും മുഖ്യ പദവിലേക്ക് എത്തുന്നതും മാറ്റത്തിന്റെ സൂചനയാണ്.