DrugsKerala NewsTechnology

ചക്കപ്പഴം ചതിച്ചു, കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് മിന്നല്‍ പരിശോധന; ‘ചക്കപ്പഴം’ കഴിച്ചവര്‍ ബ്രത്തലൈസറില്‍ കുടുങ്ങി

Keralanewz.com

‌പത്തനംതിട്ട: കെഎസ്‌ആ‌ർടിസിയില്‍ ജീവനക്കാർ മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പരിശോധനയില്‍ ചക്കപ്പഴം കഴിച്ചവർ കുടുങ്ങിയെന്ന് പരാതി

ഡ്യൂട്ടിക്കു മുൻപ് ചക്കപ്പഴം കഴിച്ച കെഎസ്‌ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാരാണ് ബ്രത്തലൈസർ പരിശോധനയില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ പന്തളം കെഎസ്‌ആർടിസി ഡിപ്പോയിലാണ് സംഭവം. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത്. ജീവനക്കാരില്‍ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് അനലൈസറില്‍ തെളിഞ്ഞത്.

മദ്യപിച്ചില്ലെന്ന് എല്ലാവരും അധികൃതരോട് ആവർത്തിച്ചു പറഞ്ഞെങ്കിലും ഉന്നത ഉദ്യോഗസ്ഥർക്ക് അത് വിശ്വാസമായില്ല. മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നും ജീവനക്കാർ വാദിച്ചു.നേരത്തെ നടത്തിയ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞ ഒരു ജീവനക്കാരനെ വിളിച്ചു ചക്കപ്പഴം കഴിപ്പിച്ചു. സ്റ്റേഷൻ മാസ്റ്ററും ചക്കപ്പഴം കഴിച്ചശേഷം പരിശോധനയ്ക്ക് വിധേയനായി. പിന്നീട് വീണ്ടും പരിശോധിച്ചപ്പോള്‍ കാര്യം പിടികിട്ടി. ജീവനക്കാർ കഴിച്ച തേൻവരിക്കയാണ് വില്ലൻ എന്ന് തെളിഞ്ഞു.

ഇതോടെ നിലവാരമില്ലാത്ത ബ്രത്ത് അനലൈസർ പണി തന്നുവെന്ന് ആരോപിച്ച്‌ ജീവനക്കാർ ഒന്നടങ്കം രംഗത്ത് വന്നു. പഴങ്കഞ്ഞി കഴിച്ചു വന്നാലും മെഷീൻ ചതിക്കുകയാണെന്ന് ആരോപിച്ച്‌ ജീവനക്കാർ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കി. അതേസമയം, നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിലുണ്ട്. ഇതാണ് ബ്രത്ത് അനലൈസർ മദ്യമായി തെറ്റിദ്ധരിക്കുന്നത്.

Facebook Comments Box