International News

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പാകിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ അമേരിക്കൻ കരാര്‍, പ്രഖ്യാപനവുമായി ട്രംപ്

Keralanewz.com

വാഷിംഗ്‌ടണ്‍: പാകിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ അമേരിക്ക തയ്യാറാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇതുമായി ബന്ധപ്പെട്ട് ഒരു കരാർ ഒപ്പിട്ടതായും ട്രംപ് അറിയിച്ചു. കരാർ പ്രകാരം ഏത് കമ്ബനിയ്ക്കാണ് ചുമതല നല്‍കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഒരു ദിവസം പാകിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു.

അതേസമയം, ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് സൂചന. ഇന്ത്യൻ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തി മണിക്കൂറുകള്‍ക്കകമാണ് പാകിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാന്‍ സഹായിക്കാമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘പാകിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാർ ഒപ്പിട്ടു. അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്ബിച്ച എണ്ണശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച്‌ പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണ കമ്ബനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ആർക്കറിയാം, ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കാം’- ട്രംപ് പോസ്റ്റില്‍ കുറിച്ചു.

അമേരിക്കയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളിലെ നേതാക്കളുമായി താൻ സംസാരിച്ചിട്ടുണ്ടെന്ന് ട്രംപ് പോസ്റ്റില്‍ കൂട്ടിച്ചേർത്തു. താരിഫ് കുറയ്ക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ അമേരിക്കയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വൻതോതില്‍ കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

Facebook Comments Box