“ട്രംപ് – മോദി വ്യക്തി ബന്ധം തകര്‍ന്നു, മോശം അവസ്ഥയില്‍ ട്രംപ് ആരെയും സംരക്ഷിക്കില്ല എന്നോര്‍ക്കണം”: ലോക നേതാക്കള്‍ക്ക് മുൻ യുഎസ് ഉദ്യോഗസ്ഥൻ്റെ ഉപദേശം
ന്യൂയോർക്ക്/വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വ്യക്തിപരമായി വളരെ നല്ല ബന്ധമുണ്ടായിരുന്നു എന്നും ‘ഇപ്പോള്‍ അത് നഷ്ടമായെന്നും യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു, ട്രംപുമായുള്ള അടുപ്പം ലോക നേതാക്കളെ ‘ഏറ്റവും മോശം’ അവസ്ഥയില്‍ നിന്ന് ‘സംരക്ഷിക്കില്ല’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യ-യുഎസ് ബന്ധത്തിലെ ഏറ്റവും മോശം ഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ബോള്‍ട്ടന്റെ പരാമർശങ്ങള്‍ വന്നത്. ട്രംപിന്റെ താരിഫ് നയവും ഇന്ത്യയെ നിരന്തരം വിമർശിക്കുന്നതും ഇന്ത്യ – യുഎസ് ബന്ധം അങ്ങേയറ്റം വഷളാക്കിയിരിക്കുകയാണ്..
“നേതാക്കളുമായുള്ള വ്യക്തി ബന്ധത്തിന്റെ പ്രിസത്തിലൂടെയാണ് ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങളെ കാണുന്നത് എന്നാണ്ഞാൻ കരുതിയത്. വ്‌ളാഡിമിർ പുടിനുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടെങ്കില്‍, യുഎസിന് റഷ്യയുമായി നല്ല ബന്ധമുണ്ട് എന്നു കരുതിയിരുന്നു.എന്നാല്‍ അങ്ങനെയല്ല, ബ്രിട്ടിഷ് മീഡിയ പോർട്ടല്‍ എല്‍ബിസിക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ആദ്യ ട്രംപ് ഭരണകൂടത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയി സേവനമനുഷ്ഠിച്ച ബോള്‍ട്ടണ്‍ ഇപ്പോള്‍ ട്രംപിൻ്റെ വിമർശകനാണ്.
ട്രംപിനെതിരെ തുടർച്ചയായി കടുത്ത വിമർശനങ്ങള്‍ ഉന്നയിക്കുന്നുണ്ട് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. അമേരിക്കൻ പ്രസിഡന്റുമായുള്ള വ്യക്തിബന്ധങ്ങള്‍ അദ്ദേഹത്തിന്റെ അസ്ഥിരവും പ്രവചനാതീതവുമായ വിദേശനയങ്ങളില്‍നിന്ന് ലോക നേതാക്കളെ സംരക്ഷിക്കില്ലെന്നും ബോള്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി.
“മോദിയുമായി ട്രംപിന് വളരെ നല്ല ബന്ധമായിരുന്നു. ഇപ്പോള്‍ അത് നഷ്ടമായിഎന്ന് ഞാൻ കരുതുന്നു. ഇത് എല്ലാവർക്കും ഒരു പാഠമാണ്. ഉദാഹരണത്തിന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് ട്രംപുമായി നല്ല വ്യക്തിബന്ധം ഉണ്ട്. ഇത് ചിലപ്പോഴൊക്കെ സഹായിച്ചേക്കാം, എന്നാല്‍ ആത്യന്തികമായി ഏറ്റവും മോശമായ അവസ്ഥയില്‍ ട്രംപ് നിങ്ങളെ കൈവിടും എന്നത് ഒരു പാഠമാണ്,” അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 17 മുതല്‍ 19 വരെ ട്രംപ് യുകെ സന്ദർശിക്കും.
വൈറ്റ് ഹൗസ് യുഎസ്-ഇന്ത്യ ബന്ധങ്ങളെ പതിറ്റാണ്ടുകള്‍ പിന്നോട്ട് കൊണ്ടുപോയി, മോദിയെ റഷ്യയുമായും ചൈനയുമായും അടുപ്പിച്ചു. യുഎസിനും ഡൊണാള്‍ഡ് ട്രംപിനും പകരമായി ബീജിംഗ് സ്വയം അവതരിച്ചു എന്നും ബോള്‍ട്ടണ്‍ പറഞ്ഞു.
റഷ്യയുമായുള്ള സഖ്യത്തില്‍ നിന്ന് ന്യൂഡല്‍ഹിയെ അകറ്റാനും, ചൈനയെ ഇന്ത്യ പ്രധാന സുരക്ഷാ വെല്ലുവിളിയായി നിലനിർത്താനുമുള്ള യുഎസിൻ്റെ ശ്രമങ്ങള്‍ ട്രംപിൻ്റെ നടപടിയോടെ ഇല്ലാതായി എന്നും ബോള്‍ട്ടൻ കുറ്റപ്പെടുത്തി