ട്രംപിന്റെ ചുങ്ക ഭീഷണി നേരിടാൻ ഇന്ത്യ പണി തുടങ്ങി; യുഎസ് ഇല്ലെങ്കില്‍ പകരം ഈ 50 രാജ്യങ്ങള്‍
ന്യൂഡല്‍ഹി∙ യുഎസിന്റെ പുതിയ താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ഇന്ത്യ മറ്റുവഴികള്‍ തേടിതുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 20ല്‍ നിന്ന് 50 രാജ്യങ്ങളിലേക്ക് വർധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി പ്രദേശങ്ങളിലെ വിപണികള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ കയറ്റുമതി വ്യാപിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ പ്രദേശങ്ങളിലെ രാജ്യങ്ങളിലേക്കാണ് പോകുന്നത്.
കയറ്റുമതി വൈവിധ്യവല്‍ക്കരണം, ഇറക്കുമതിക്ക് പകരം വയ്ക്കല്‍, കയറ്റുമതി മത്സരശേഷി വർധിപ്പിക്കല്‍ തുടങ്ങി മൂന്ന് പ്രധാന മേഖലകള്‍ സജീവമാക്കാൻ വാണിജ്യ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ വിപണിക്കും വേണ്ട മുൻഗണനാ ഉല്‍പന്നങ്ങള്‍ തിരിച്ചറിയുക, വ്യാപാര പ്രോത്സാഹന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുക, ലോജിസ്റ്റിക്കല്‍, നിയന്ത്രണ തടസ്സങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
യുഎസ് ഉള്‍പ്പെടെയുള്ള ചില പ്രധാന കയറ്റുമതി രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പെട്ടെന്നുള്ള വ്യാപാര തടസ്സങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
കയറ്റുമതിക്കാരുടെ ദീർഘകാല ആവശ്യം നിറവേറ്റിക്കൊണ്ട് 2,250 കോടി രൂപയുടെ കയറ്റുമതി പ്രമോഷൻ മിഷൻ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ രൂപരേഖയും ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം, പലിശ സബ്‌വെൻഷൻ, മറ്റ് വിപണി ആക്‌സസ് പ്രോത്സാഹനങ്ങള്‍ തുടങ്ങി ഘടകങ്ങളും മിഷന്റെ ഭാഗമായിരിക്കും.