ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കിടെ പുടിനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി മോദി; പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കും
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുമേല്‍ ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍, റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുടിനുമായി വിശദമായ സംഭാഷണം നടത്തിയതായും ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയെക്കുറിച്ച് സംസാരിച്ചതായും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
യുക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പുടിൻ പങ്കുവച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഞങ്ങള്‍ അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിലെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സില്‍ കുറിച്ചു.
ഈ വർഷം അവസാനത്തോടെയായിരിക്കും പുടിൻ ഇന്ത്യ സന്ദർശിക്കുക. പുടിന്റെ ഇന്ത്യ സന്ദർശനത്തിനുള്ള തീയതികള്‍ ആലോചിച്ചുവരികയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, തീരുവ ചർച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി തുടർ വ്യാപാര ചർച്ചകളില്ലെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഓഗസ്റ്റ് അവസാന വാരം അമേരിക്കൻ സംഘം വ്യാപാര ചർച്ചകള്‍ക്കായി എത്താനായിരുന്നു ധാരണ.
ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മില്‍ അടുത്തയാഴ്ച യുഎഇയില്‍ കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ വെടിനിർത്തലിനായി ട്രംപ് റഷ്യയ്ക്ക് അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. പുടിന്റെ വിദേശകാര്യ ഉപദേശകൻ യൂറി ഉഷാകോവ് ആണ് കൂടിക്കാഴ്ചയുടെ വിവരം സ്ഥിരീകരിച്ചത്. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.