പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റിന് 35 കോടിയുടെ ഭരണാനുമതി; ജോസ് കെ മാണി എംപി.
പാലാ : സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപിക്കുന്നതിന് 35 കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ മാണി എംപി അറിയിച്ചു. മുത്തോലി പുലിയന്നൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റിനായുള്ള 80 ശതമാനം പണികളും പൂർത്തിയായെങ്കിലും തുടർന്നുള്ള പണികൾ തടസ്സമാവുകയായിരുന്നു.പുതുക്കിയ ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായി നിരവധി തവണ ചർച്ച നടത്തുകയും മന്ത്രി തന്നെ നേരിട്ട് മുടങ്ങി കിടക്കുന്ന നിർമാണപ്രവർത്തനങ്ങൾ കണ്ടതിന്റെ യും അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി ലഭ്യമായത്.
ധനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചു ധനകാര്യ ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ പദ്ധതി വിലയിരുത്തുകയും ചെയ്തിരുന്നു . അക്കാഡമിക് ബ്ലോക്കിന്റെ പൂർത്തീകരണത്തിനും പൂർണ്ണമായ പ്രവർത്തനത്തിനും 2021 ലെ ഡി എസ് ആർ അടിസ്ഥാനമാക്കിയാണ് 3513.47 ലക്ഷം തുകയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകിയത്. നിലവിലെ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെൻഡർ നടപടികൾ ആരംഭിക്കണമെന്നും പുതുക്കിയ ഭരണാനുമതി പ്രകാരം കേന്ദ്ര ഗവൺമെന്റിന്റെ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിന് ടൂറിസം ഡയറക്ടർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ ഉണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിന് സർക്കാരിൽ ഇടപെടുമെന്നും എത്രയും പെട്ടെന്ന് സാങ്കേതികാനുമതി ലഭ്യമാക്കുവാൻ നിർവഹണ ഏജൻസി ആയ കെ ഐ ഐ ഡി സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി എംപി അറിയിച്ചു. ഭരണാനുമതി ലഭിച്ചതോടെ മുടങ്ങിയ നിർമ്മാണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.