Wed. Apr 24th, 2024

ഭിന്നശേഷി കുട്ടികള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ പദ്ധതിക്ക് തുടക്കമായി:’സ്‌നേഹ തീര്‍ത്ഥം’ പകര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍, വാക്കുകളില്‍ സ്‌നേഹം നിറച്ച് കൊച്ചു സുധീപ്!; 0 പദ്ധതിക്കായി ശമ്പളത്തില്‍ നിന്ന് 25000 രൂപ നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍

By admin Sep 1, 2021 #news
Keralanewz.com

തിരുവനന്തപുരം: മിനിസ്റ്റര്‍ അങ്കിളിന് ഒരുപാട് താങ്ക്‌സ്… ആന്റണി രാജു അങ്കിള്‍ ഫോണ്‍ തന്നു, റോഷി അങ്കിള്‍ ഇപ്പൊ വെള്ളവും… അച്ഛന് ഇനി വെള്ളം ചുമന്നു കൊണ്ടു വരുന്ന ബുദ്ധിമുട്ട് ഒഴിവായല്ലോ… വഞ്ചിയൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഐഎസ് സുധീപിന്റെ വാക്കുകളില്‍ നിറഞ്ഞത് മന്ത്രിമാരോടുള്ള സ്‌നേഹം. നിഷ്‌കളങ്കമായി സംസാരിക്കുന്ന സുധീപിനെ ചേര്‍ത്തു പിടിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു, മോന്‍ നന്നായി പഠിച്ചാല്‍ മതി. സൗകര്യങ്ങള്‍ ഞങ്ങള്‍ ഒരുക്കിത്തന്നോളാം…

ജലവിഭവ വകുപ്പും എഞ്ചിനിയേഴ്സ് ഫെഡറേഷന്‍ ഓഫ് കേരളാ വാട്ടര്‍ അതോറിറ്റിയും റോട്ടറി ഇന്റര്‍നാഷണലും സംയുക്തമായി നടപ്പാക്കുന്ന ‘സ്‌നേഹ തീര്‍ത്ഥം’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങാണ് കരുതലിന്റെ വേദിയായത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ച പിതാവിന്റെ വേദനയാണ് അത്തരം കുട്ടികളുടെ കുടുംബത്തിന് സൗജന്യ കുടിവെള്ള കണക്ഷന്‍ എന്ന ആശയത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സ്‌നേഹം പകര്‍ന്നു നല്‍കിയാല്‍ പോലും തിരിച്ചറിയാനാകാത്ത കുട്ടികളാണ് ഇവര്‍. അവരുടെ ചികിത്സയ്ക്കു തന്നെ ഭാരിച്ച ചെലവാണ്. പലര്‍ക്കും കുടിവെള്ള കണക്ഷന്‍ ഇല്ല. ഒരുപാട് ദൂരത്തു നിന്നാണ് വീട്ടിലേക്ക് കുടിവെള്ളം ചുമന്നു കൊണ്ടു വരുന്നത്. ഇതെല്ലാം അറിഞ്ഞപ്പോള്‍ ഈ കുട്ടികള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭയില്‍ ജലവിഭവ വകുപ്പിന്റെ ഡിമാന്‍ഡ് ഡേ ചര്‍ച്ചയില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.

തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ തയാറായി ജലവിഭവ വകുപ്പിലെ എഞ്ചിനിയര്‍മാരുടെ സംഘടനയായ ഇഎഫ്‌കെഡബ്ല്യു രംഗത്തു വരികയായിരുന്നു. റോട്ടറി ക്ലബും സഹകരിക്കാന്‍ തീരുമാനിച്ചതോടെ പദ്ധതി യാഥാര്‍ത്ഥ്യമാവുകയായിരുന്നു. വാട്ടര്‍ അതോറിറ്റിയിലെ എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പദ്ധതിയോട് അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ചത് ജലവിഭവ വകുപ്പിനെ സാധാരണക്കാരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും കൂടുതല്‍ അടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി തന്റെ ശമ്പളത്തില്‍ നിന്ന് 25000 രൂപയും ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സംഘടനയ്ക്ക് കൈമാറി.

ചടങ്ങില്‍ ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിച്ചു. സ്‌നേഹ തീര്‍ത്ഥം പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷന്‍ നല്‍കിയ വഞ്ചിയൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഐഎസ് സുധീപിന്റെയും വെട്ടുകാട് സ്വദേശിയും സെറിബ്രല്‍ പാള്‍സി രോഗബാധിതനായ ജയ്‌സണ്‍ ബിജോയിയുടെയും വീടുകള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും സ്ഥലം എംഎല്‍എ കൂടിയായ അഡ്വ. ആന്റണി രാജുവും സന്ദര്‍ശിച്ചു.

കേരളത്തില്‍ ഭിന്നശേഷിക്കാരായ ആയിരത്തോളം നിര്‍ധന കുടുംബങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. അയ്യായിരം മുതല്‍ പതിനായിരും രൂപ വരെയാണ് ഒരു കണക്ഷന് വേണ്ടി വരുന്നത്. റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ സുമനസ്സുകളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഇത്തരം കണക്ഷനുകള്‍ക്ക് വാട്ടര്‍ ചാര്‍ജും ഒഴിവാക്കി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മറ്റു ജില്ലകളിലും യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

വെട്ടുകാട് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റോട്ടറി 3211 ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.ശ്രീനിവാസന്‍ ലോഗോ പ്രകാശനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം മെട്രോപോളിസ് പ്രസിഡന്റ് ടി. സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇഎഫ്‌കെഡബ്ല്യൂഎ വര്‍ക്കിങ് പ്രസിഡന്റ് വിഎസ് കൃഷ്ണകുമാര്‍, കേരള വാട്ടര്‍ അതോറിറ്റി എംഡി വെങ്കിടേശപതി എസ് ഐഎഎസ്, ടെക്‌നിക്കല്‍ മെമ്പര്‍ ജി. ശ്രീകുമാര്‍, സി.ഷാജി, കെ. അലക്‌സ്, ഫാ. ജോര്‍ജ് ഗോമസ്, പ്രകാശ് ഇടിക്കുള, സലിന്‍ പീറ്റര്‍, എസ്. രഞ്ജീവ്, പി. ബിജു, എ. സുജാത എന്നിവര്‍ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post