Thu. Apr 18th, 2024

അഭിമാനത്തോടെ വീണ്ടും; 104 വയസുകാരി കോവിഡ് മുക്തയായി ജീവിതത്തിലേക്ക്

By admin Jun 11, 2021 #news
Keralanewz.com

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.

മേയ് 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്‍, അനസ്‌തേഷ്യ, പള്‍മണറി മെഡിസിന്‍, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും 110 വയസുകാരിയും, കൊല്ലം മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരിയും നേരത്തെ കോവിഡ് മുക്തരായിരുന്നു.

ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 72 വയസുള്ള മകള്‍ക്കും, 70 വയസുള്ള മകനും കോവിഡ് ബാധിച്ചിട്ടില്ല. രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എസ്. അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്ന് യാത്രയാക്കി.

Facebook Comments Box

By admin

Related Post