Kerala News

നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാലാ രൂപത

Keralanewz.com

കോട്ടയം: പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയെ സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ സഹകരിക്കുമെന്ന് പാലാ രൂപത. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണ്. അതിന് മറ്റുള്ളവര്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. ഒരു മതത്തെയും ദ്രോഹിക്കാന്‍ ആയിരുന്നില്ല ബിഷപ്പിന്റെ പരാമര്‍ശം. അതിനാല്‍ ഈ വിഷയത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു

നാര്‍കോട്ടിക് ജിഹാദ് ആരോപണത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് രംഗത്തെത്തിയിട്ടുണ്ട്. പാലാ ബിഷപ്പ് പ്രതികരിച്ചത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ്. വിശ്വാസികളോട് ഇത്തരം വിപത്തില്‍ പെടാതെ ജാഗരൂഗരായി ഇരിക്കാനുള്ള നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്. അതിനാല്‍ ബിഷപ്പിന്റെ പ്രസ്താവന ഒരു സമുദായത്തിനെതിരായി കാണേണ്ടതില്ലെന്ന് പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.

ബിഷപ്പ് ഹൗസിലേക്കുള്ള മാര്‍ച്ച് ശരിയായില്ല. എല്ലാവരും സഹകരണതിന്റെ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് പിജെ ജോസഫ് പറഞ്ഞു. അതേസമയം പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തില്‍ പിന്തുണയറിയിച്ചും എതിര്‍പ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്

അതേസമയം, ലൗ ജിഹാദ്‌നര്‍കോട്ടിക് ജിഹാദ് വിവാദ വിഷയത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബി.ജെ.പി.യുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സഭാ നേതാക്കളെ സന്ദര്‍ശിക്കും. ജിഹാദ് വിഷയത്തില്‍ വിപുലമായ പ്രചാരണം നടത്താന്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് നിര്‍ദേശം നല്‍കി.

ഇതിനിടെ, നര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്ത് വന്നിരിന്നു. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്ന് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സാമൂഹിക തിന്മകള്‍ക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാന്‍ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Facebook Comments Box