Mon. Apr 29th, 2024

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം; പ്ലസ്ടു മാര്‍ക്കും പരിഗണിക്കും, ഹര്‍ജി ഹൈക്കോടതി തള്ളി

By admin Sep 17, 2021 #news
Keralanewz.com

കൊച്ചി: എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രവേശനം എന്‍ട്രന്‍സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാകണമെന്ന സിബിഎസ്ഇ മാനേജ്‌മെന്റിന്റെയും ഒരു കൂട്ടം വിദ്യാര്‍ഥികളുടെയും ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

നിലവില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് മാര്‍ക്കും പരിഗണിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളിലെ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി പ്രത്യേകരീതിയിലാണ് മൂല്യനിര്‍ണയം നടത്തിയത്. ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള സിലബസില്‍ നടന്ന പ്ലസ്ടു പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട മാര്‍ക്കാണ് ലഭിച്ചത്. 

അതിനാല്‍ ഇത്തവണ എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഎസ്ഇ മാനേജ്‌മെന്റും ഒരു കൂട്ടം വിദ്യാര്‍ഥികളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. ഇതിന് പുറമേ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് റിസല്‍ട്ട് വരുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യാന്‍ അവസരം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Facebook Comments Box

By admin

Related Post