Kerala News

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച്‌ 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

Keralanewz.com

കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച്‌ 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍.

കൊട്ടാരക്കര പുത്തൂര്‍ സ്വദേശികളായ പാര്‍വതിയും സുനില്‍ ലാലുമാണ് പന്തളം പൊലീസിന്റെ പിടിയിലായത്. കുളനട സ്വദേശിയായ യുവാവിനെയാണ് പാര്‍വതി ഓണ്‍ലൈന്‍ പ്രണയത്തിന്റെ കുരുക്കിലാക്കിയത്.

അവിവാഹിതയാണെന്ന് സന്ദേശം അയച്ച്‌ യുവാവുമായി പരിചയത്തിലായി. അധ്യാപികയായ ജോലി ചെയ്യുകയാണെന്ന് പാര്‍വതി കള്ളം പറഞ്ഞു.

ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ചതാണെന്നും ബന്ധുക്കളുമായുള്ള സ്വത്ത് ത‍ര്‍ക്കം തീര്‍ക്കാന്‍ നിയമനടപടികള്‍ക്കായി പണം വേണമെന്നുമാണ് കബളിപ്പിക്കപ്പെട്ട യുവാവിനോട് ആവശ്യപ്പെട്ടത്. 11,07,975 രൂപ യുവാവ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടിലൂടെ പല തവണയായി അയച്ചു കൊടുത്തു.

പാര്‍വതിക്ക് ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയ ഇനത്തില്‍ എണ്ണായിരം രൂപ വേറെയും നഷ്ടപ്പെട്ടു. ഉടന്‍ വിവാഹം നടത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോള്‍ പാര്‍വതി ഒഴിഞ്ഞുമാറിയതാണ് സംശയത്തിനിടയാക്കിയത്.

യുവാവ് പാര്‍വതിയെ അന്വേഷിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് കള്ളത്തരം പൊളിഞ്ഞത്. വിവാഹം കഴിഞ്ഞ‌് ഒരു മകളുമുള്ള പാര്‍വതി ഭര്‍ത്താവിനൊപ്പെ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

ഭര്‍ത്താവ് സുനില്‍ലാലിനെ വാടക വീടിന്റെ ഉടമയെന്ന് നിലയില്‍ പാര്‍വതി മുമ്ബ് കബളിപ്പിക്കപ്പെട്ട യുവാവിനെ പരിചയപ്പെടുത്തിയിട്ടുണ്ട്.

Facebook Comments Box