Fri. May 3rd, 2024

യുഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങി ട്വന്‍്റി ട്വന്‍്റി; പുതിയ നീക്കം ഇങ്ങനെ

By admin Sep 25, 2021 #20-20
Keralanewz.com

യുഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങി കിറ്റക്സ് എംഡി സാബു ജേക്കബിന്‍്റെ ട്വന്‍്റി ട്വന്‍്റി. ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം അട്ടിമറിക്കാനാണ് ട്വന്‍റി ട്വന്‍്റി രാഷ്ട്രീയ മറനീക്കി കോണ്‍ഗ്രസിനൊപ്പം ചേരുന്നത്.

പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം നല്‍കാന്‍ കോണ്‍ഗ്രസും ട്വന്‍റി ട്വന്‍്റിയും തമ്മില്‍ ധാരണയായി. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ല എന്നായിരുന്നു ട്വന്‍്റി ട്വന്‍്റി പ്രഖ്യാപിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ല എന്ന നിലപാട് സ്വീകരിച്ച്‌ ട്വന്‍റി20 രാഷ്ട്രീയത്തിന് ഒരു ബദല്‍ സംവിധാനം എന്ന നിലയിലായിരുന്നു പൊതുരംഗത്ത് അവതരിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിനും പിന്നാലെ രാഷ്ട്രീയനിലപാട് പരസ്യപ്പെടുത്താനൊരുങ്ങുകയാണ് ട്വന്‍റി 20.

എല്‍ ഡി എഫ് ഭരിക്കുന്ന ചെല്ലാനം പഞ്ചായത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാത്താണ് ട്വന്‍റി ട്വന്‍റി രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന് 9 കൗണ്‍സിലര്‍മാരാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എട്ട് കൗണ്‍സിലര്‍മാരുള്ള ട്വന്‍റി20, 4 യുഡിഎഫ് കൗണ്‍സിലര്‍മാരുടെ കൂടി പിന്തുണ തേടി ഭരണം അട്ടിമറിക്കാനാണ് നീക്കം നടത്തുന്നത്.

ഇതിന്‍്റെ ഭാഗമായി എറണാകുളം കോണ്‍ഗ്രസ് നേതൃത്വവുമായി ട്വന്‍റി20 നേതാക്കള്‍ ചര്‍ച്ച നടത്തി. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, എറണാകുളം എംഎല്‍എ ടി ജെ വിനോദ്, ഡോമനിക് പ്രസന്‍്റേഷന്‍ എന്നിവരുമായി ഡിസിസി ഓഫീസില്‍ എത്തിയായിരുന്നു ചര്‍ച്ച. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും സ്റ്റാന്‍ഡിങ് കമ്മിറ്റിയും ട്വന്‍റി ട്വന്‍റിയ്ക്കും വൈസ് പ്രസിഡന്‍റ് യുഡിഎഫിനും നല്‍കി ഭരണം പങ്കിടാന്‍ ധാരണയായത്.

ഇത് വിജയിക്കുകയാണെങ്കില്‍ സമീപ പഞ്ചായത്തുകളിലും സമാന രീതിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം. കാലക്രമേണ യുഡിഎഫ് കൂടാരത്തിലേക്ക് ട്വന്‍റി20 ചേക്കേറുമെന്ന് നേരത്തെ ഇടതു നേതാക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരി വെക്കുന്നതാണ് പുതിയ നീക്കം

Facebook Comments Box

By admin

Related Post