ഏറ്റുമാനൂരിൽ മൊബൈൽ ഷോപ്പിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ കവർന്ന സംഭവം: മോഷണ ശേഷം രക്ഷപെട്ട പ്രതിയെ അഞ്ചാം ദിവസം അസമിലെത്തി പൊക്കി ജില്ലാ പൊലീസ്
കോട്ടയം: ഏറ്റുമാനൂരിലെ മൊബൈൽ ഷോപ്പിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം സ്വദേശിയെ അഞ്ചാം ദിവസം ദിവസം ജില്ലാ പൊലീസ് നാട്ടിലെത്തി പൊക്കി. അസം പൊലീസിലെ മലയാളിയായ വനിതാ എസ്പിയുടെ സഹായത്തോടെയാണ് ഏറ്റുമാനൂർ പൊലീസിന്റെ പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്. ഏറ്റുമാനൂരിലെ എസ്.എസ് മൊബൈൽ ഫോൺ ഷോപ്പിൽ നിന്നും മോഷണം നടത്തിയ അസം മോറിഗോൺ ജാഗിറോഡ് മോർപായക് നെല്ലിയിൽ ആഷിഖ് ഉൾ ഇസ്ലാം(18)നെയാണ് ഏറ്റുമാനൂർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്
പ്രതിയെപ്പറ്റി കൃത്യമായ സൂചകളൊന്നുമില്ലാതിരുന്ന കേസിൽ പൊലീസിനെ സഹായിച്ചത് പ്രദേശത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളും, കൊവിഡ് ലോക്ക് ഡൗൺ സമയത്ത് സഹായിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ചിത്രങ്ങളും, വിവരങ്ങളുമായിരുന്നു. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിനും പരിസരത്തുമുള്ള മുപ്പതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതി ആഷിഖ് ഉൾ ഇസ്ലാമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ലോക്ക് ഡൗൺ സമയത്തും മുൻപുമായി ഏറ്റുമാനൂരിലെത്തിയിരുന്ന പതിനായിരത്തോളം അതിഥിതൊഴിലാളികളുടെ പേരും ചിത്രവും വിവരവുമടക്കം പരിശോധിച്ച് സിസിടിവി ക്യാമറ ദൃശ്യങ്ങളുമായി ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്