Kerala News

ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

Keralanewz.com

ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്കിടിച്ചു മരിച്ചത്. ഭര്‍ത്താവ് ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഭര്‍ത്താവ് വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് വൈകീട്ട് ഏഴ് മണിയോടെ ഇവര്‍ അന്വേഷിച്ചിറങ്ങിയത്. മൂലമറ്റം ടൗണിന് സമീപത്തുവെച്ച്‌ ഇവരെ ചെറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ന്ന് സുജാതയുടെ മരണവിവരം അറിയിക്കാന്‍ നാട്ടുകാര്‍ ചിദംബരത്തെ അന്വേഷിക്കുന്നതിനിടെ രാത്രി 10 മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കള്‍: കല, പരേതനായ രതീഷ്. മരുമകന്‍: രഘു. സുജാതയെ ഇടിച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദിലുവിന്റെ തലക്ക് സാരമായ പരിക്കുണ്ട്.

Facebook Comments Box