കോട്ടയം ജില്ലയിലെ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നവംബർ ഒന്നു മുതൽ; അന്തിമ പട്ടിക ജനുവരി അഞ്ചിന്

Keralanewz.com

കോട്ടയം ജില്ലയിലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു.  2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹരായ എല്ലാ പൗരന്മാർക്കും സമ്മതിദായകപ്പട്ടികയിൽ പേരു ചേർക്കാം.   വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് യുവജനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ആബ്‌സെന്റീ വോട്ടർമാരേയും സ്ഥലംമാറി താമസിക്കുന്നവർ, മരണമടഞ്ഞവർ എന്നിവരേയും പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിന്  നടപടിയെടുക്കും. മരണമടഞ്ഞവരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി

കരട് സമ്മതിദായക പട്ടികയിലുള്ള അവകാശങ്ങൾ/ എതിർപ്പുകൾ നവംബർ ഒന്നുമുതൽ 30 വരെ ഉന്നയിക്കാം. അപേക്ഷകളെല്ലാം www.nvsp.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. കരട് സമ്മതിദായകപ്പട്ടിക മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാകും

കരട് സമ്മതിദായകപ്പട്ടികയിലുള്ള അവകാശങ്ങളും എതിർപ്പുകളും ഉൾപ്പെട്ട പട്ടിക അതത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. പട്ടിക പ്രദർശിപ്പിച്ച് ഏഴു ദിവസത്തിനുശേഷം പരാതികളിൽ തീർപ്പു കൽപ്പിക്കും. 2022 ജനുവരി അഞ്ചിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും

പട്ടിക പുതുക്കൽ നടപടികൾ, ബൂത്ത് ലെവൽ ഏജന്റുമാരുടെ നിയമനം എന്നിവ സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗം ചർച്ച ചെയ്തിരുന്നു

Facebook Comments Box