വയറുവേദന ഭേദമാകുമെന്ന പേരില്‍ ലൈംഗികമായി പീഡിപ്പിച്ചു: ജ്യോത്സ്യനെതിരെ പരാതിയുമായി 40 കാരി
കണ്ണൂര്‍: അസുഖം ഭേദമാകുമെന്ന പേരില്‍ ജ്യോത്സ്യന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 40 കാരി. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയാണ് ജ്യോത്സ്യനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കണ്ണാടിപറമ്ബ് സ്വദേശിയായ ജോത്സ്യനെതിരെ പൊലീസ് കേസെടുത്തു.
വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്നാണ് 40 കാരി ജ്യോത്സ്യനെ കാണാന്‍ എത്തിയത്. വയറുവേദന ഭേദമാക്കാന്‍ തനിക്ക് കഴിയുമെന്നായിരുന്നു ജോത്സ്യന്റെ അവകാശവാദം. ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം അയാളുടെ ജ്യോതിഷാലയത്തില്‍ എത്തിയപ്പോഴായിരുന്നു പീഡനം. വയറുവേദന മാറാന്‍ ഒരു പ്രത്യേക പൂജ വേണം എന്നാണ് ജോത്സ്യന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഭസ്മം തന്റെ ശരീരത്ത് തേക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പീഡനം നടന്നതെന്നും 40 കാരി പരാതിയില്‍ പറയുന്നു.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇവര്‍ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മോഹിതിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.