Tue. Apr 23rd, 2024

ഉരുള്‍പൊട്ടലിലും ഒഴുക്കിലുംപെട്ട 22 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു, മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ നാലുലക്ഷം അനുവദിച്ചതായി മന്ത്രിമാരായ വി.എന്‍. വാസവന്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.

By admin Oct 18, 2021 #flood #roshy augustine
Keralanewz.com

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലായി ഉരുള്‍പൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ ആകെ മരണം 27 ആയി.

കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ കാവാലിയില്‍ ഇളംകാട്‌ ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍ (48), മക്കളായ സ്നേഹ (14), സാന്ദ്ര (10) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കിട്ടി. മാര്‍ട്ടിന്റെ അമ്മ ക്ലാരമ്മ, ഭാര്യ സിനി, മകള്‍ സോന എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച കണ്ടെടുത്തിരുന്നു.

പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട ഇളംകാട്‌ ആറ്റുചാലില്‍ ജോബിയുടെ ഭാര്യ സോണിയ (45), മകന്‍ അലന്‍ജോബി (14), ഇളംകാട്‌ പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ (62), ഇളംകാട്‌ മുണ്ടകശ്ശേരി വേണുവിന്റെ ഭാര്യ റോഷ്നി (48) എന്നിവരുടെ മൃതദേഹങ്ങളും കിട്ടി.

കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്രാമ്ബിക്കല്‍ പരേതനായ രാഘവന്റെ ഭാര്യ രാജമ്മ (65), ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഇളംകാട്‌ ഓലിക്കല്‍ ഷാലറ്റ്‌ (29), ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസിലി സെബാസ്റ്റ്യന്‍ (50) എന്നിവരാണ്‌ ഒഴുക്കില്‍പ്പെട്ടു മരിച്ചത്‌.

കോട്ടയം ഏറ്റുമാനൂരില്‍ വീടിനു സമീപം പാടത്ത് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ ജവാന്‍ മുങ്ങിമരിച്ചു. ചെറുവാണ്ടൂര്‍ മുണ്ടുവേലി മുകുളേല്‍ ജോണ്‍ സെബാസ്റ്റ്യന്‍ (35) ആണ് മരിച്ചത്. തിരുവനന്തപുരത്ത് പൊന്‍മുടിക്കടുത്ത് കല്ലാറില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാല്‍ക്കുളങ്ങര സ്വദേശി അഭിലാഷാ(23)ണ് മരിച്ചത്.

വീടുകള്‍ക്കടിയിലും മണ്ണില്‍ മൂടിയ നിലയിലുമായിരുന്നു മൃതദേഹങ്ങള്‍. കനത്തമഴ വകവെക്കാതെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ നാലുലക്ഷം അനുവദിച്ചതായി മന്ത്രിമാരായ വി.എന്‍. വാസവന്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post