Kerala News

ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍; ദത്ത് നടപടി നിര്‍ത്തിവയ്ക്കാന്‍ കോടതിയെ സമീപിക്കും, ശിശുക്ഷേമ സമിതിയ്ക്ക് എതിരെ അന്വേഷണം

Keralanewz.com

തിരുവനന്തപുരം: മാതാപിതാക്കളുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയെന്ന കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍. കോടതിയിലെ ദത്തുനടപടികള്‍ തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിയ്ക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. 

ശിശുക്ഷേമ സമിതിയുടേത് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍. വകുപ്പു തല അന്വേഷണത്തിന് ഉത്തരവിറങ്ങി. കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിയ്ക്ക് മുന്‍പാകെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ഗവണ്‍മെന്റ് പ്ലീഡറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

പ്രതീക്ഷയുണ്ടെന്ന് അനുപമ

സര്‍ക്കാര്‍ ഇടപെടലില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തിരികെ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. മറ്റാര്‍ക്കും തന്റെ ഗതിയുണ്ടാകരുതെന്നും അനുപമ പറഞ്ഞു. 

അതേസമയം, അനുപമയ്ക്കും പങ്കാളി അജിത്തിനും എതിരെ അജിത്തിന്റെ ആദ്യ ഭാര്യ നസിയ രംഗത്തെത്തി. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയതെന്ന് നസിയ മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍ബന്ധമായാണ് ഡിവോഴ്സ് ചെയ്യിപ്പിച്ചത്. ഒരുകാരണവശാലും ഡിവോഴ്സ് നല്‍കില്ല എന്ന് താന്‍ പറഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് നല്‍കാന്‍ അനുപമ തയ്യാറായത്. അബോധാവസ്ഥയില്‍ അനുമതി എഴുതിവാങ്ങി എന്നത് തെറ്റാണ്. ആ സമയത്ത് അനുപമയ്ക്ക് ബോധമുണ്ടായിരുന്നു. താന്‍ പോയി കണ്ടതാണ്’-നസിയ പറഞ്ഞു.

അതേസമയം, ആരോപണം നിഷേധിച്ച് അനുപമ രംഗത്തുവന്നു. ‘തന്നില്‍നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ സമയത്ത് അജിത്തിന്റെ ആദ്യ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. അജിത്തിന്റെ മുന്‍ ഭാര്യയുടെ കാര്യമല്ല, കുഞ്ഞിന്റെ വിഷയമാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ നിന്ന് മാറ്റാനാണ് നസിയയെ ഇതിലേക്ക് വലിച്ചിടുന്നത്. അജിത്തിന് ഡിവോഴ്സ് കൊടുക്കരുതെന്ന് തന്റെ മാതാപിതാക്കള്‍ പലപ്പോഴും നസിയയോട് പറഞ്ഞിരുന്നു.’അനുപമ പറഞ്ഞു.

കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തുകയാണ്. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു

Facebook Comments Box