Fri. Mar 29th, 2024

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; ഉരുള്‍പൊട്ടല്‍, മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

By admin Oct 23, 2021 #news
Keralanewz.com

കോട്ടയം: മധ്യകേരളത്തില്‍ കനത്തമഴ. ഇടുക്കി, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി.വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടി. ആളപായമില്ല.  വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലും ശക്തമായ മഴയാണ് തുടരുന്നത്. 

തീവ്രമഴ മുന്നറിപ്പ്

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.


അതിശക്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് അതിശക്ത മഴ മുന്നറിയിപ്പ്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച 11 ജില്ലകളിലും, ചൊവ്വാഴ്ച എട്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ചൊവ്വാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ പാത്തി തുടരുന്നു

അറബിക്കടലില്‍ കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും കേരള കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തിയും തുടരുകയാണ്.ഇതിന്റെ ഫലമായാണ് അതിശക്തമായ മഴ തുടരുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച തുലാവര്‍ഷം കേരളത്തിലെത്തുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍

Facebook Comments Box

By admin

Related Post