Fri. May 3rd, 2024

മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയില്‍; നിലവിലെ ജലനിരപ്പ് കേരളം കോടതിയെ അറിയിക്കും

By admin Oct 25, 2021 #mullapperiyar dam
Keralanewz.com

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രീം കോടതിയില്‍. മുല്ലപ്പെരിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സുപ്രീം കോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142 അടിയാണ്.

രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി. എറണാകുളം സ്വദേശികളായ ഡോ. ജോ ജോസഫ്, ഷീല കൃഷ്ണന്‍ക്കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബര്‍ 23 ഞായറാഴ്ച 136.85 അടിയായി ഉയര്‍ന്നു.

ഇത് കണക്കിലെടുത്ത്, ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനുള്ള നിശ്ചിത പ്രോട്ടോക്കോള്‍ അനുസരിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍ ആദ്യ മുന്നറിയിപ്പ് നല്‍കി. 138 അടിയായി ഉയരുകയാണെങ്കില്‍ രണ്ടാമത്തെ മുന്നറിയിപ്പിന്റെ ഭാഗമായി സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, 140 അടിയിലെത്തുമ്ബോള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് കേരളത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തകര്‍ച്ചയുണ്ടായാല്‍ കേരളത്തിലെ അഞ്ച് ജില്ലകളായ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളെ ബാധിക്കും.

പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര ജലകമ്മീഷന്റെ ഉത്തരവ് പ്രകാരം അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാടിന് വര്‍ഷത്തില്‍ രണ്ട് തവണ ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്താം. ഈ നില എത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്തുകയുള്ളൂ.

അതിനിടെ, കേരള സംസ്ഥാനത്തിനും ലക്ഷദ്വീപിനും സമീപം ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് നല്‍കി.

ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ കനത്ത മഴയും ഒക്‌ടോബര്‍ 26 ന് സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ അതിശക്തമായ മഴയും ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് റിസര്‍വോയര്‍ ജലനിരപ്പ് 142 അടിയിയുടെ അടുത്തെത്തിയതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് പരമാവധി വെള്ളം എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വൈഗ അണക്കെട്ടിലേക്ക് തിരിച്ചുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചു. തമിഴ്‌നാട് 2,150 സി.എഫ്.എസില്‍ വെള്ളമെടുക്കുമ്ബോള്‍, ഒഴുക്ക് 3,608 സി.എഫ്.എസായിരുന്നു.

പെരിയാര്‍ തീരത്ത് കേരള സര്‍ക്കാര്‍ പട്രോളിംഗ് ശക്തമാക്കി. 22 അംഗ ദുരന്ത നിവാരണ മാനേജ്മെന്റ് ടീമിനെ നിയോഗിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ട ആവശ്യം വന്നാല്‍ ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post