Sat. Apr 27th, 2024

മുല്ലപ്പെരിയാറില്‍ തമിഴ്നാടുമായി രഹസ്യധാരണയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

Keralanewz.com

തൊടുപുഴ: തമിഴ്നാടുമായി അവിഹിതമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറില്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നതെന്ന് എന്‍.കെ.

പ്രേമചന്ദ്രന്‍ എം.പി. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുന്നില്‍ പോയി ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് ഒരു മന്ത്രി വിലപിക്കുന്ന ദയനീയ അവസ്ഥയാണ്. കേരളത്തിന്‍റെ ചരിത്രത്തില്‍ മുമ്ബ് ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പരിതാപകരമായ അവസ്ഥ കണ്ട് ലജ്ജ തോന്നുന്നു. കേരളത്തിന്‍റെ ചരിത്രത്തിലില്ലാത്ത ദയനീയമായ കീഴടങ്ങലാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച്‌ പോവുകയാണ് വേണ്ടത്.

എന്തിന് വേണ്ടിയാണ് സര്‍ക്കാര്‍ കീഴടങ്ങുന്നത്. തമിഴ്നാടുമായി എന്തെങ്കിലുമൊരു സംഘര്‍ഷത്തിലേര്‍പ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യം ഒരുക്കണം. തമിഴ്നാടുമായി വളരെ നല്ല സൗഹൃദാന്തരീക്ഷമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തേ മൗനം പാലിക്കുന്നു.

സംസ്ഥാന സര്‍ക്കാറിന് ശക്തമായ നിര്‍ദേശം നല്‍കാന്‍ കഴിയണം. മേല്‍നോട്ടസമിതിയിലെ കേരളത്തിന്‍റെ പ്രതിനിധി എന്താണ് ചെയ്യുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച്‌ കേരളത്തിന് നടപടി സ്വീകരിക്കാനാകും. അത് സ്വീകരിക്കാതെ തമിഴ്നാടിന് മുന്നില്‍ കേരളം ഭയന്നുവിറച്ച്‌ നില്‍ക്കുകയാണ്. മറ്റേതെങ്കിലും സംസ്ഥാനത്തിന് വിധേയപ്പെട്ട് ജീവിക്കേണ്ട സാഹചര്യമാണ് മേഖലയിലെ ജനങ്ങള്‍ക്കെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

Facebook Comments Box

By admin

Related Post