Fri. Apr 26th, 2024

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

By admin Oct 25, 2021 #news
Keralanewz.com

തിരുവനന്തപുരം ; 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. രാവിലെ 11ന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും ഏറ്റുവാങ്ങും. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജെല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരനാണ്.

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്പേയിയും ഏറ്റുവാങ്ങും. സഞ്ജയ് പൂരണ് സിംഗ് ചൗഹാനാണ് മികച്ച സംവിധായകന്‍. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതിയും ചടങ്ങില്‍ ഏറ്റുവാങ്ങും.

അതേ സമയം പുരസ്‌കാര വിതരണത്തിന് ഇത്തവണയും രാഷ്ട്രപതിയില്ല. ഉപരാഷ്ട്രപതിയായിരിക്കും പുരസ്‌ക്കാരങ്ങള്‍ നല്‍കുക. നേരിട്ട് വാങ്ങാത്തവര്‍ക്ക് അവാര്‍ഡ് അയച്ചുകൊടുക്കുന്നതും അവസാനിപ്പിച്ചു. പകരം ഡല്‍ഹി ഫിലിം ഫെസ്റ്റിവല്‍ ഡയറക്ട്രേറ്റില്‍ നിന്ന് കൈപ്പറ്റണം. 65ആമത് ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മുഴുവനും രാഷ്ട്രപതി വിതരണം ചെയ്യാതിരുന്നത് വിവാദമായിരുന്നു. പിന്നാലെ, കഴിഞ്ഞ തവണത്തെ പുരസ്‌ക്കാരങ്ങളും ഉപരാഷ്ട്രപതിയാണ് വിതരണം ചെയ്തത്.

Facebook Comments Box

By admin

Related Post