Tue. Apr 16th, 2024

ജലനിരപ്പ്‌ താഴ്‌ന്നില്ലെങ്കില്‍ അണക്കെട്ട്‌ നാളെ രാവിലെ ഏഴിനു തുറക്കുമെന്ന്‌ തമിഴ്‌നാട്‌ കേരളത്തെ അറിയിച്ചു

By admin Oct 28, 2021 #news
Keralanewz.com

തിരുവനന്തപുരം : ജലനിരപ്പ്‌ താഴ്‌ന്നില്ലെങ്കില്‍ അണക്കെട്ട്‌ നാളെ രാവിലെ ഏഴിനു തുറക്കുമെന്ന്‌ തമിഴ്‌നാട്‌ കേരളത്തെ അറിയിച്ചു. അണക്കെട്ട്‌ തുറക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം 137.75 അടിയാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌. ഓരോ സെക്കന്‍ഡിലും 3800 ഘനയടി വെള്ളം ഒഴുകിയെത്തുന്നു. തമിഴ്‌നാട്‌ 2300 ഘനയടി ജലം കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ജലനിരപ്പ്‌ ഉയരുകയാണ്‌.
ജലനിരപ്പ്‌ 138 അടിയെന്ന തമിഴ്‌നാടിന്റെ റൂള്‍ കര്‍വ്‌ സ്വീകാര്യമല്ലെന്നു സുപ്രീംകോടതിയെ അറിയിക്കാന്‍ തീരുമാനിച്ചതായും മന്ത്രിതല യോഗത്തിനു ശേഷം റോഷി ഷഗസ്‌റ്റിന്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ്‌ 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടില്‍ മാറ്റമില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ അണക്കെട്ട്‌ വേണമെന്ന നിലപാടില്‍ യാതൊരു വിട്ടുവീഴ്‌ചയുമില്ല. തമിഴ്‌നാടിനു യഥേഷ്‌ടം വെള്ളം നല്‍കാന്‍ തയാറാണെന്നു സുപ്രീം കോടതിയെയും അറിയിച്ചിട്ടുണ്ട്‌. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ്‌ 136 അടിയിലേക്ക്‌ കുറയ്‌ക്കണം. ഈ മാസം 30 വരെ നിലവിലെ റൂള്‍ കര്‍വ്‌ പ്രകാരം ജലനിരപ്പ്‌ 138 അടിയില്‍ എത്തുമ്പോള്‍ അണക്കെട്ട്‌ തുറന്ന്‌ വെള്ളം പുറത്തുവിടാമെന്നാണു തമിഴ്‌നാട്‌ സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും റോഷി അഗസ്‌റ്റിന്‍ വ്യക്‌തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നതിനെതിരേയാണു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്‌. അണക്കെട്ടില്‍ ആശങ്കയില്ലെന്ന തരത്തില്‍ ഇതു വളച്ചൊടിക്കാനാണ്‌ സുപ്രീം കോടതിയില്‍ തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ശ്രമിച്ചത്‌. ഇക്കാര്യത്തില്‍ വ്യക്‌തത വരുത്താനാണ്‌ സുപ്രീം കോടതി കേരളത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്‌ഥാനരഹിതമാണ്‌. മുല്ലപ്പെരിയാറില്‍നിന്ന്‌ ഒഴുക്കുന്ന ജലം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ കുറച്ച്‌ സജ്‌ജമാക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അറിയിച്ചു.
തുലാവര്‍ഷം ശക്‌തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കി.മീ. ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി കെ. രാജന്‍ പറഞ്ഞു. ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ട്‌ ഡെപ്യൂട്ടി കലക്‌ടര്‍മാരെ ചുമതലപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍.ഡി.ഒയെ നിയോഗിച്ചു. മുല്ലപ്പെരിയാറില്‍ നിന്ന്‌ ജലം ഇടുക്കിയിലേക്ക്‌ സുഗമമായി ഒഴുകിയെത്തുന്നതിന്‌ തടസ്സങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്‌.
884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്‌. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണിയുണ്ടായാല്‍ അവരെ നേരില്‍ വിവരമറിയിക്കും. അനാവശ്യമായ ഭീതി ഒഴിവാക്കാന്‍ ഇതു സഹായിക്കും- മന്ത്രി രാജന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post