Fri. Apr 19th, 2024

കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണം മാർച്ച് ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കും; തോമസ് ചാഴികാടൻ എം.പി

By admin Oct 27, 2021 #news
Keralanewz.com

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ – കാട്ടത്തി റോഡ് അടയ്ക്കില്ല


കോട്ടയം: റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ   അടുത്ത  മാർച്ച്- ഏപ്രിൽ മാസത്തോടെ  പൂർത്തിയാക്കുവാൻ തോമസ് ചാഴികാടൻ എം.പി വിളിച്ചു ചേർത്ത റെയിൽവേ ഉദ്യോഗസ്ഥൻമാരുടെ  അവലോകന യോഗത്തിൽ തീരുമാനിച്ചു


546 മീറ്റർ നീളമുള്ള ഒന്നാം നമ്പര് പ്ലാറ്റുഫോം  760  മീറ്ററായും, 500 മീറ്റർ നീളമുള്ള രണ്ടാം നമ്പർ പ്ലാറ്റ്ഫോം 627 മീറ്ററായും, 390  മീറ്റർ ഉള്ള മൂന്നാം നമ്പർ പ്ലാറ്റുഫോം   647 മീറ്ററായും വിപുലീകരിക്കും. പുതിയതായി  ഗുഡ് ഷെഡ് ഭാഗത്ത്   നാലാം നമ്പർ പ്ലാറ്റ് ഫോം  647 മീറ്റർ നീളത്തിൽ നിർമ്മിക്കും. നിലവിൽ പല ദീർഘ ദൂര ട്രെയിനുകളുടെയും പുറകിലത്തെ കോച്ചുകളിൽ നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇറങ്ങുന്നതിനും കയറുന്നതിനുമുള്ള ബുദ്ധിമുട്ടുകൾക്ക് ഇതോടുകൂടി പരിഹാരമാകും. എറണാകുളം ഭാഗത്തേക്കുള്ള പാസ്സന്ജർ  / മെമു ട്രെയിനുകൾക്കായി 327 മീറ്ററിൽ (IA) ഒരു  പ്രത്യേക പ്ലാറ്റ് ഫോം കൂടി പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിർമ്മിക്കും


ഗുഡ്ഷെഡ് ഭാഗത്തു നിന്നുള്ള രണ്ടാം കവാടത്തിന്റെ നിർമാണം ഏപ്രിലിനുള്ളിൽ പൂർത്തിയാകും. ഈ ഭാഗത്ത് റെയിൽവേയുടെ രണ്ടര ഏക്കർ സ്ഥലത്ത് പാർക്കിങ്ങിന്  സൗകര്യം ഏർപ്പെടുത്തും. 150 കാറുകൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കും. ഗുഡ്സ് ഷെഡ് റോഡ് നിലനിർത്തും. സ്റ്റേഷന് മുൻപിലുള്ള  മൾട്ടി ലെവൽ പാർക്കിംഗ് ഏരിയ പൂർണമായും തുറന്ന് നൽകിയിട്ടുണ്ട് . ഇവിടെ 400 ഇരുചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള  സൗകര്യം ആണ് ഉള്ളത്


നിലവിൽ ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന വിശ്രമ കേന്ദ്രം ശീതികരിച്ചു യാത്രക്കാർക്കു വേണ്ടി  ഒരുക്കും. തീർത്ഥാടകർക്കുവേണ്ടി പ്രതേകമായി നിർമ്മിക്കുന്ന മൂന്ന് നിലയിലുള്ള പിൽഗ്രിം സെന്റർ നവംബർ അവസാനത്തോടെ തുറന്നു നൽകും .മൂന്ന് നിലകളിലായി 450 തീർഥാടകർക്ക്  വിശ്രമിക്കുവാനുള്ള സൗകര്യവും 60 പേർക്കുള്ള  ടോയ്ലറ്റ് സൗകര്യവും ഉണ്ടാകും. സ്റ്റേഷനിലെ എസ്കലേറ്റര് പുനസ്ഥാപിക്കാനുള്ള നടപടികൾ ജനുവരിയോടെ പൂർത്തിയാകും. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിനേയും രണ്ടാം നമ്പർ പ്ലാറ്റ് ഫോമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിഫ്റ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാകും


നിലവിൽ പാഴ്സൽ ഓഫിസിലേക്കുള്ള പ്രവേശന പാത വികസിപ്പിച്ചു അംഗപരിമിതർക്കായി   തുറന്നു കൊടുക്കും. പാർസൽ ഓഫീസിന്റെ  വാതിൽ വീതി കൂട്ടി  മെച്ചപ്പെട്ട സൗകര്യം ഒരുക്കും. ആർ. എം.എസ് നു സമീപമുള്ള  ബസ് സ്റ്റോപ്പിൽ നിന്ന് ഒന്നാം പ്ലാറ്റ് ഫോമിലേക്ക്   പുതിയ കവാടം തുറക്കും. . ബുക്കിംഗ് ഓഫീസ്, റിസർവേഷൻ കൗണ്ടർ, പ്ലാറ്റ് ഫോമിന്റെ പ്രധാന ഭാഗം എന്നിവ സീലിങ്ങ്, പാനലിങ്ങ്  ജോലികൾ നടത്തി മനോഹരമാക്കും. ശബരിമല സീസൺ സമയത്ത് കൂടുതൽ ബുക്കിംഗ് കൗണ്ടറുകൾ തുറന്ന്  ജീവനക്കാരെ  നിയമിച്ച്    തീർഥാടകർക്ക്  മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തും 


ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ അതിരമ്പുഴ പഞ്ചായത്ത്  നടപ്പാക്കാൻ ഉദ്ദേശിക്കുന്ന  ടേക്ക് എ ബ്രേക്ക് പദ്ധതി സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തേക്ക് മാറ്റി പുതിയ പ്രപ്പോസൽ നൽകാൻ ഡി.ആർ.എം ആവശ്യപ്പെട്ടു. പ്രൊപ്പോസൽ ലഭിച്ച ശേഷം സംയുക്തമായി സ്ഥലപരിശോധന നടത്തി അന്തിമ അംഗീകാരം’നൽകും. റെയിൽവേ സ്റ്റേഷൻ കാട്ടത്തി റോഡ് നവീകരണം അതിരമ്പുഴ പഞ്ചായത്തിനെ ചുമതലപ്പെടുത്തണമെന്ന നിർദ്ദേശം ഡിവിഷൻ തലത്തിൽ ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കും. നിലവിലുള്ള റോഡ് മുന്കാലങ്ങളിലേതു പോലെ തുടർന്നും പ്രദേശ വാസികൾക്ക് ഉപയോഗിക്കുവാൻ അനുവാദം ഉണ്ടായിരിക്കും


സ്റ്റേഷൻ നവീകരണവും മറ്റു നിർമാണ ജോലികളും തോമസ് ചാഴികാടൻ എം.പി  ഡിവിഷണൽ റെയിൽവേ   മാനേജർ  മുകുന്ദ് രാമസ്വാമി, സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ പി .എ .ധനജയൻ, ഡിവിഷണൽ എഞ്ചിനീയർ സ്പെഷ്യൽ വർക്ക്   ശ്രീകുമാർ എ.വി, കോട്ടയം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ബാബു തോമസ്, ചീഫ് കൊമേർഷ്യൽ ഇൻസ്പെക്ടർ രാജീവ് ,വി, എന്നിവരോടൊപ്പം സന്ദർശിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്  ബിജു വലിയമല, പഞ്ചായത്ത്  മെമ്പർ  ജോഷി ഇലഞ്ഞിയിൽ, മുൻ പഞ്ചായത്ത് പ്രെസിഡന്റ് ജോസ് ഇടവഴിക്കൻ, റയിൽവേ വികസന സമിതി പ്രസിഡന്റ്  റോയ് മാത്യു, ജോജി കുറത്തിയാടൻ, രാജു ആലപ്പാട്, ഗൗതം.എൻ.നായർ, രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ   തുടങ്ങിയവരും   ഉണ്ടായിരുന്നു

Facebook Comments Box

By admin

Related Post