ഇടുക്കി ഡാമും തുറന്നേക്കും; ജലനിരപ്പ് 2398.32 അടിയില്‍; റെഡ് അലര്‍ട്ട്
തൊടുപുഴ : ഇടുക്കി ഡാമും തുറന്നേക്കും. ഇതിന്റെ ഭാഗമായി ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് റൂള്‍ കര്‍വായ 2398.32 അടിയിലെത്തിയതോടെയാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയുള്ള സാഹചര്യത്തില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്
കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ തുറന്നുവിട്ട ജലവും ഇടുക്കിയിലേക്ക് എത്തും. ഇടുക്കി ജില്ലയില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഇന്നു തന്നെ ഇടുക്കി ഡാം തുറന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുല്ലപ്പെരിയാര്‍ തുറന്നതും കനത്ത മഴയും മൂലം ചെറുതോണി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ് സൂചിപ്പിച്ചു. ഇന്നുവൈകിട്ട് നാലു മണിക്കോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഷട്ടറുകല്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കികളയാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 534 ഘനയടി വെള്ളമാണ് തുറന്നുവിടുക. മൂന്നു വര്‍ഷത്തിന് ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ തമിഴ്‌നാട് തുറക്കുന്നത്. മുല്ലപ്പെരിയാര്‍ തുറക്കുന്നതിലൂടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് 0.25 അടി ഉയരും.
അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു