Wed. Apr 24th, 2024

സംവിധായകന്‍ ക്രോസ്‌ബെല്‍റ്റ് മണി അന്തരിച്ചു

By admin Oct 31, 2021 #news
Keralanewz.com

തിരുവനന്തപുരം: പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്ന ക്രോസ്‌ബെല്‍റ്റ് മണി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.  

അമ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളുടെ ഛായാഗ്രഹകനായും പ്രവര്‍ത്തിച്ചു. 1967ല്‍ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത ആദ്യ സിനിമ. കെ വേലായുധന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 

വേലായുധൻ നായർ ക്രോസ്ബെൽറ്റ് മണിയാകുന്നു

1970ല്‍ പുറത്തിറങ്ങിയ ക്രോസ്‌ബെല്‍റ്റ് എന്ന ചിത്രം ഹിറ്റായതോടെ, ഇദ്ദേഹം ക്രോസ്‌ബെല്‍റ്റ് മണി എന്നറിയപ്പെടാന്‍ തുടങ്ങി. എന്‍ എന്‍ പിള്ളയുടെ നാടകം അതേ പേരില്‍ സിനിമയാക്കുകയായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചതും എന്‍ എന്‍ പിള്ളയാണ്. സത്യനും ശാരദയും സഹോദരീസഹോദരന്‍മാരായി അഭിനയിച്ച ചിത്രം മികച്ച സാമ്പത്തിക വിജയം നേടി.  

ഫോട്ടോഗ്രാഫിയിൽ നിന്നു സിനിമയിലേക്ക്

തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ വേലായുധന്‍ നായരെ ഫോട്ടോഗ്രാഫിയിലുള്ള താല്‍പര്യമാണ് സിനിമയില്‍ എത്തിച്ചത്. 1956 മുതല്‍ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. പ്രൊഡക്ഷന്‍ബോയ് മുതല്‍ സഹസംവിധായകനും ഛായാഗ്രഹകനും വരെയുള്ളവരുടെ വിവിധ ജോലികള്‍ ചെയ്തു. 

‘മിടുമിടുക്കി’യിലൂടെ അരങ്ങേറ്റം

1961ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത ‘കാല്‍പാടുകള്‍’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകന്‍ ആകുന്നത്. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമയാണ് ഇത്. 1967ല്‍ പുറത്തിറങ്ങിയ ‘മിടുമിടുക്കി’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനുമായി. പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികള്‍ സിനിമയാക്കാനാണ് ആദ്യ കാലത്ത് ക്രോസ്‌ബെല്‍റ്റ് മണി ശ്രദ്ധിച്ചിരുന്നത്. പിന്നീട് ആക്ഷന്‍ സിനിമകളിലേക്ക് ചുവട് മാറ്റി

ആദ്യകാല ഹിറ്റ്മേക്കർ

മനുഷ്യബന്ധങ്ങള്‍, പുത്രകാമേഷ്ഠി, ശക്തി, നടീനടന്‍മാരെ ആവശ്യമുണ്ട്, പെണ്‍പട, കുട്ടിച്ചാത്തന്‍, താമരത്തോണി, ചോറ്റാനിക്കര അമ്മ, യുദ്ധഭൂമി, പെണ്‍പുലി, പട്ടാളം ജാനകി, ആനയും അമ്പാരിയും, ബ്‌ളാക് ബെല്‍റ്റ്, പഞ്ചതന്ത്രം, യൗവനം ദാഹം, ഈറ്റപ്പുലി, തിമിംഗലം, പെണ്‍!സിംഹം, ദേവദാസ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. 

ബുള്ളറ്റ്, ചോരയ്ക്കു ചോര, ബ്‌ളാക്ക് മെയില്‍, റിവെഞ്ച്, ഒറ്റയാന്‍, കുളമ്പടികള്‍, ഉരുക്കുമനുഷ്യന്‍, നാരദന്‍ കേരളത്തില്‍, കമാന്‍ഡര്‍ തുടങ്ങിയവ ക്രോസ്‌ബെല്‍റ്റ് മണി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച സിനിമകളാണ്. 

പ്രമുഖസംവിധായകന്‍ ജോഷിയുടെ തുടക്കം ക്രോസ്‌ബെല്‍റ്റ് മണിയോടൊപ്പം ആയിരുന്നു. ഇരുപതോളം സിനിമകളില്‍ ജോഷി മണിയുടെ സംവിധാനസഹായി ആയി. മണിയോടൊപ്പം മാത്രമാണ് ജോഷി സഹസംവിധായകന്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ളത്. 

തിരുവനന്തപുരം വലിയശാലയില്‍ കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രില്‍ 22നായിരുന്നു ക്രോസ്‌ബെല്‍റ്റ് മണിയുടെ ജനനം. വള്ളിയാണ് ഭാര്യ. മക്കള്‍: രൂപ, കൃഷ്ണകുമാര്‍ എന്നിവര്‍ മക്കളാണ്.  സംസ്‌കാരം ഞായറാഴ്ച പകല്‍ രണ്ടു മണിക്ക് ശാന്തികവാടത്തില്‍ നടക്കും

Facebook Comments Box

By admin

Related Post