Fri. Apr 19th, 2024

‘മോൾനുപിരവിർ’ ആന്റി വൈറൽ ഗുളികകൾ കോവിഡ് ചികിൽസയ്ക്കായി ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകി

By admin Nov 5, 2021 #news
Keralanewz.com

പ്രതിരോധ കുത്തിവയ്പിനു പിന്നാലെ കോവിഡ് ചികിൽസയ്ക്ക് ഇനി ഗുളികയും. അമേരിക്കൻ നിർമിതമായ ‘മോൾനുപിരവിർ’ ആന്റി വൈറൽ ഗുളികകൾ കോവിഡ് ചികിൽസയ്ക്കായി ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകി. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കു ദിവസം രണ്ടുനേരം വീതം ഗുളിക നൽകാനാണു ബ്രിട്ടിഷ് മെഡിസിൻസ് റഗുലേറ്റർ ഡോക്ടർമാർക്ക് അനുമതി നൽകുന്നത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് ചികിൽസയ്ക്കായി ആന്റി വൈറൽ ഗുളിക ഉപയോഗിക്കാൻ അനുമതി നൽകുന്നത്.

ആരോഗ്യരംഗത്തെ ചരിത്രപരമായ ദിവസമാണിതെന്നു തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടിഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. കോവിഡ് ചികിൽസാരംഗത്തു നിർണായകമാകുന്ന തീരുമാനമാകും ഇതെന്ന് സാജിദ് ജാവേദ് പ്രത്യാശ പ്രകടിപ്പിച്ചു. ഫ്ലൂ ചികിൽസയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കോവിഡ് രോഗികളുടെ മരണനിരക്കു പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ. രോഗത്തിന്റെ തുടക്കത്തിലേ ഈ ഗുളിക കഴിക്കുന്നതുമൂലം പലർക്കും ആശുപത്രിവാസവും ഒഴിവാക്കാനാകും.

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എംഎസ്ഡി വികസിപ്പിച്ച ഗുളികയുടെ 4,80,000 കോഴ്സുകൾക്ക് ബ്രിട്ടൻ ഓർഡർ നൽകിക്കഴിഞ്ഞു. നവംബറിൽ തന്നെ ഇവ ബ്രിട്ടനിൽ വിതരണത്തിന് എത്തും. കോവിഡ് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ അഞ്ചു ദിവസത്തിനുള്ളിൽ ഗുളിക കഴിച്ചു തുടങ്ങുന്നതാണു കൂടുതൽ ഫലപ്രദമെന്നാണു ഗവേഷണങ്ങൾ തെളിയിക്കുന്നത്. എൻഎച്ച്എസ് ആശുപത്രികൾ വഴിയും ജിപികളുടെ പ്രിസ്ക്രിപ്ഷൻ അനുസരിച്ചുമാകും മരുന്നുകളുടെ വിതരണം.

ബ്രിട്ടനു പുറമേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും എംഎസ്ഡി കമ്പനിയുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. എംഎസ്ഡിയ്ക്കു പുറമേ മറ്റൊരു അമേരിക്കൻ കമ്പനിയായ ഫൈസറും സ്വിസ് കമ്പനിയായ റോഷേയും സമാനമായ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്

Facebook Comments Box

By admin

Related Post