Wed. Apr 24th, 2024

മോഹൻലാൽ നായകനായി പ്രിയദർശൻ്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ; അറബിക്കടലിൻ്റെ സിംഹം’ എന്ന സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കില്ല

By admin Nov 5, 2021 #news
Keralanewz.com

മോഹൻലാൽ നായകനായി പ്രിയദർശൻ്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ; അറബിക്കടലിൻ്റെ സിംഹം’ എന്ന സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കില്ല. ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ തന്നെ റിലീസാവും. തീയറ്റർ ഉടമകളുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് ചിത്രം ഒടിടിയിലേക്ക് പോകുന്നത്. ആമസോൺ പ്രൈം വഴിയാകും ചിത്രം റിലീസാവുക.

സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആൻറണി പെരുമ്പാവൂരിൻറെ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാനും ഇടപെട്ടു.ഫിലിം ചേംബറിൻറെ മധ്യസ്ഥതയിൽ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

പലതവണയാണ് ചിത്രം തീയറ്ററിൽ പ്രദർശിപ്പിക്കാനുള്ള ചർച്ചകൾ നടന്നത്. 10 കോടി വരെ നൽകാം എന്ന് ഫിയോക്ക് നിലപാട് എടുത്തെങ്കിലും കൂടുതൽ തുക വേണമെന്ന് നിർമാതാവ് ആൻ്റണി പെരുമ്പാവൂർ അറിയിച്ചു. പക്ഷേ അത്രയും തുക നൽകാൻ സാധിക്കില്ലെന്ന് തീയറ്റർ ഉടമകൾ അറിയിക്കുകയും ചെയ്തു.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. തിരു ആണ് ക്യാമറ. അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.

കൂറ്റൻ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത്. മാർവെൽ സിനിമകൾക്ക് വിഎഫ്എ ക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്

Facebook Comments Box

By admin

Related Post