Sun. May 5th, 2024

ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക നൽകാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടിട്ടും നടപടിയില്ല; ട്രാവൻകൂർ സിമന്റ്‌സിന് ഷോക്കോസ് നോട്ടീസ്

By admin Nov 7, 2021 #news
Keralanewz.com

കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ 30 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ജപ്തി നടപടികളിലൂടെ ഈടാക്കാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടിട്ടും നടപടിയെടുക്കാതെ ട്രാവൻകൂർസിമന്റ്‌സ് മാനേജർമെന്റ്. ഉത്തരവിട്ട് അറുപത് ദിവസം കഴിഞ്ഞിട്ടും മാനേജ്‌മെന്റ് നടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിൽ ഡെപ്യൂട്ടി ലേബർ കമ്മിഷണർ കമ്പനിയ്ക്ക് ഷോക്കോസ് നോട്ടീസ് അയച്ചു. ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവിന് കൃത്യമായി മറുപടി നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ നോട്ടീസിനോടും കമ്പനി പ്രതികരിച്ചില്ലെങ്കിൽ ജപ്തി നടപടികളിലേയ്ക്കു നീങ്ങിയേക്കും. 
2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്സിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി

ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 30 ദിവസത്തിനകം നൽകണമെന്നും, നൽകിയില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലൂടെ തുക പിടിച്ചെടുക്കണമെന്നും രണ്ടു മാസം മുൻപാണ് ഡെപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടത്. എന്നാൽ, ഈ ഉത്തരവിനോടു കൃത്യമായി പ്രതികരിക്കാൻ കമ്പനി മാനേജ്‌മെന്റ് തയ്യാറായില്ല. ഉത്തരവിന് എതിരെ അപ്പീൽ സമർപ്പിക്കാനോ, പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്യാതിരുന്ന മാനേജ്‌മെന്റ് വിഷയത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.


2019 ഏപ്രിൽ ., മെയ് മാസം വിരമിച്ച 10 ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണാധികാരിയായ ഡെപ്യൂട്ടിലേബർ കമ്മീഷൺ (കോട്ടയം) മുമ്പാകെ പരാതിയുമായി എത്തിയത്. തുടർന്നാണ്, വിരമിച്ച ജീവനക്കാർക്ക് പത്ത് ശതമാനം പലിശ സഹിതം 30 ദിവസത്തിനകം ഗ്രാറ്റുവിറ്റി തുക നൽകണമെന്നു നിശ്ചയിച്ചിരുന്നത്. വിഷയത്തിൽ നേരത്തെ മനുഷ്യാവകാശ കമ്മിഷൻ അടക്കം ഇടപെട്ടിരുന്നു. തുടർന്നു ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകണമെന്നും, വിരമിച്ച ജീവനക്കാരുടെ പ്രശ്നം പരിഹരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷയത്തിൽ ഇതുവരെയും അനുകൂല നിലപാട് സ്വീകരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഇതോടെയാണ് ജീവനക്കാർ ഡെപ്യൂട്ടി ലേബർ കമ്മിഷണറെ സമീപിച്ചത്. എന്നാൽ, ഇവിടെ നിന്നു ലഭിച്ച ഉത്തരവിന് പോലും അർഹമായ പരിഗണന കമ്പനി നൽകുന്നില്ലെന്നാണ് പുറത്തു വരുന്ന സൂചന

  
ട്രാവൻകൂർ സിമന്റ്സിൽ നിന്നും 2019 ഏപ്രിൽ മുതൽ വിരമിച്ച 85  ഓളം ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റിയും 2020 ഏപ്രിൽ മുതൽ വിരമിച്ച 50 പേർക്ക് ഇ.പി.എഫ് തുകയും ലഭിക്കുവാനുണ്ടെന്ന് ജീവനക്കാർ പറയുന്നു. 2020 ഏപ്രിൽ നു ശേഷം വിരമിച്ച ജീവനക്കാരുടെ പി.എഫ് കമ്പനി വിഹിതവും ജീവനക്കാരുടെ വിഹിതവും കമ്പനി ഇ.പി.എഫ്.ഒയിൽ അടച്ചിട്ടില്ലന്നും ജീവനക്കാർ പരാതിപ്പെടുന്നു

ജീവനക്കാരുടെ പി.എഫ് തുക അടയ്ക്കാത്തത് ക്രിമിനൽക്കുറ്റമാണെങ്കിലും, ഇ.പി.എഫ് അധികൃതർ നടപടികളൊന്നും ഇതുവരെയും സ്വീകരിച്ചിട്ടില്ല. നേരത്തെ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് അടക്കം പുറത്തു വന്നപ്പോൾ, എറണാകുളം കാക്കനാട്ടെ കമ്പനി വക സ്ഥലം വിറ്റ് പണം നൽകാമെന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും ഈ കാര്യത്തിൽ അടക്കം തീരുമാനം ആയിട്ടില്ല. പല ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപങ്ങളിൽ നിന്നും വായ്പ എടുത്ത  വിരമിച്ച ജീവനക്കാർ ദുരിതത്തിലാണ്.ബാക്കിയുള്ള റിട്ടർഡ് ജീവനക്കാർ കൂടി കമ്മീഷണർക്കു പരാതി നൽകുമെന്ന് ഭാരവാഹികളായ ജോൺ പി ചെറിയാൻ, പി എം ജോയി, പി സനൽ കുമാർ എന്നിവർ പറഞ്ഞു

Facebook Comments Box

By admin

Related Post