Kerala News

കോടതി അനുമതിയോടെ ‘ഓണ്‍ലൈന്‍’ വിവാഹം; വരന്‍ ന്യൂസിലന്‍ഡിലും വധു കേരളത്തിലും

Keralanewz.com

ചെങ്ങന്നൂര്‍ ; താലികെട്ടല്‍ ചടങ്ങും വരണമാല്യങ്ങളണിയലും കൊട്ടും കുരവയും സദ്യവട്ടങ്ങളും ഉള്‍പ്പെടെയില്ലാതെ ഓണ്‍ലൈന്‍ മംഗല്യത്തിലൂടെ ന്യൂസിലന്‍ഡിലും കേരളത്തിലുമുള്ള വധൂവരന്മാര്‍ ദമ്പതിമാരായി.

വധു കേരളത്തിലും വരന്‍ ന്യൂസിലന്‍ഡിലുമായിരുന്നു.

ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന പാലക്കാട് ഷൊര്‍ണൂര്‍ കവളപ്പാറ ഉത്സവില്‍ റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥന്‍ രാജവത്സലന്‍ -ഉഷ ദമ്ബതികളുടെ മകന്‍ വൈശാഖും ചെങ്ങന്നൂര്‍ മുളക്കുഴ കാരയ്ക്കാട് കോട്ട അമ്പാടിയില്‍ വീട്ടില്‍ ലക്ഷ്മണന്‍ നായര്‍ -എം.ജെ. ശ്രീലത ദമ്ബതികളുടെ മകള്‍ ഡോ. ലിനു ലക്ഷ്മിയും തമ്മിലായിരുന്നു വേറിട്ട വിവാഹം.

കഴിഞ്ഞ മാര്‍ച്ച് 20നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതിനുശേഷം ജോലി സംബന്ധമായി വൈശാഖിന് തിരിച്ച് ന്യൂസിലന്‍ഡിലേക്ക് പോകേണ്ടി വന്നു. പിന്നീടുണ്ടായ കോവിഡ് യാത്രവിലക്ക് മൂലം നിശ്ചയിച്ച സമയത്ത് വരന് നാട്ടിലെത്താന്‍ സാധിച്ചില്ല. ഇതിനാല്‍ വധുവിന്റെ വീട്ടുകാര്‍ ഹൈകോടതിയെ സമീപിച്ച് ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി സമ്പാദിക്കുകയായിരുന്നു.

ആലപ്പുഴ ജില്ല രജിസ്ട്രാര്‍ അജിത് സാം ജോസഫ്, ചെങ്ങന്നൂര്‍ സബ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് സുരേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കി. വിവാഹ രജിസ്റ്ററില്‍ വധു ലിനുവും വരനുവേണ്ടി പിതാവ് രാജവത്സലനും ഒപ്പുവെച്ചു.

ഇതിന് ന്യൂസിലന്‍ഡ് എംബസിയുടെ സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. ന്യൂസിലന്‍ഡില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ പ്രൊസസിങ് എന്‍ജിനീയറാണ് വൈശാഖ്. എറണാകുളം പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റാണ് ഡോ. ലിനു.

Facebook Comments Box