Sat. Apr 20th, 2024

പ്രതിസന്ധിക്ക് പരിഹാരം; 60 കോടി അനുവദിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച മുതൽ ശമ്പള വിതരണം

By admin Nov 14, 2021 #news
Keralanewz.com

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് 60 കോടി അനുവദിച്ച് സർക്കാർ. 24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്ന് കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകർ അറിയിച്ചു

കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നു നൽകിയിരുന്നു. ഇതോടെ ഈ മാസം കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നു ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചെലവഴിച്ചത്. 

കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം കിട്ടിയിരുന്നില്ല. അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശമ്പള വിതരണത്തിന് തുക അനുവദിച്ചിരിക്കുന്നത്.

ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം അഞ്ച്, ആറ് തീയതികളിൽ കെഎസ്ആർടിസി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ സൂചനാ പണിമുടക്ക് നടത്തി ഒരാഴ്ച പിന്നിട്ടിട്ടും ശമ്പള പരിഷ്കരണത്തിൽ തീരുമാനമാകുകയോ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം വിതരണം ചെയ്യുകയോ ചെയ്തില്ല. 

പ്രതിമാസം 80 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. ഒക്ടോബർ മാസത്തിൽ ആകെ 113 കോടിയായിരുന്നു വരുമാനം. ഇതിൽ 60 കോടിയോളം ഇന്ധനച്ചെലവിനും പാർട്സിനുമായി ഉപയോഗിച്ചു. കൺസോർഷ്യം വായ്പയ്ക്കുള്ള തിരച്ചടവു കൂടി കഴിഞ്ഞപ്പോൾ ഇതിൽ കാര്യമായ നീക്കയിരുപ്പില്ല. നിലവിൽ പെൻഷന് പുറമേ ശമ്പളത്തിനും സർക്കാരിൽ നിന്നുള്ള സഹായം കെഎസ്ആർടിസിക്ക് അനിവാര്യമാണ്

Facebook Comments Box

By admin

Related Post