Kerala NewsPolitics

മലബാറിന് പിന്നാലെ തെക്കൻ കേരളത്തിലും ശക്തി തെളിയിക്കാൻ ലീഗ്; ലക്ഷ്യമിടുന്നത് യുഡിഎഫിന് മികച്ച വിജയമൊരുക്കാൻ

Keralanewz.com

കോട്ടയം: തെക്കൻ കേരളത്തിലേക്കും ശക്തി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളുമായി മുസ്ലീം ലീഗ്. പാർട്ടിയുടെ ശക്തികേന്ദ്രമായ മലബാറിന് പുറത്തും സംഘടനാസംവിധാനം ശക്തിപ്പെടുത്താനാണ് ലീഗ് നേതൃത്വം ലക്ഷ്യം വെക്കുന്നത്.
അതിന്റെ ആദ്യപടിയായാണ് ആലപ്പുഴയില്‍ തെക്കൻകേരളത്തിലെ എട്ടുജില്ലകളിലെ നേതാക്കളുടെ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. സംഘടനാസംവിധാനവും മുന്നണിബന്ധവും ശക്തിപ്പെടുത്തുകയും സംസ്ഥാന സർക്കാരിനെതിരായ പ്രചാരണം കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് ലീഗിന്റെ ലക്ഷ്യം.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് ലീഗ് തെക്കൻ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനായി മണ്ഡലങ്ങളുടെ ചുമതല എം.എല്‍.എ.മാർ ഉള്‍പ്പെടുന്ന മൂന്നംഗ നിരീക്ഷണസമിതിക്കു നല്‍കും. ഇവരുടെ നേതൃത്വത്തില്‍ പ്രവർത്തനം മെച്ചപ്പെടുത്തി യു.ഡി.എഫിനു മികച്ച വിജയമൊരുക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്.

ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയാനാണ് നേതൃസംഗമത്തിലൂടെ ശ്രമിക്കുക. ഓരോ ജില്ലയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ട പ്രശ്നങ്ങള്‍ ചർച്ചചെയ്യും. ആ ജില്ലകളിലെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാൻജി, നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പോഷകസംഘടനാപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ താഴെത്തട്ടില്‍ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള അഭിപ്രായംതേടും. ഇതില്‍ ചർച്ചനടത്തി നയം രൂപവത്കരിച്ചശേഷമാകും രണ്ടാംഘട്ടത്തിലെ ജില്ലാതല യോഗങ്ങള്‍. പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗങ്ങളാവും നടക്കുക.

Facebook Comments Box