Thu. Apr 25th, 2024

മുങ്ങിനടന്നത്‌ 2 പതിറ്റാണ്ട്‌; ഒടുവില്‍ കലകുമാര്‍ അറസ്റ്റില്‍

By admin Nov 16, 2021 #police #theft
Keralanewz.com

മോഷണം കലയാക്കി പൊലീസിനെ വെട്ടിച്ചുവിലസിയ കലകുമാര്‍ രണ്ടു പതിറ്റാണ്ടിനൊടുവില്‍ പിടിയില്‍.

1988ല്‍ തലസ്ഥാന നഗരിയിലെ ഒരു വീട്ടില്‍നിന്ന്‌ സ്വര്‍ണം മോഷ്ടിച്ചുമുങ്ങിയ ഇയാളെ അറസ്റ്റുചെയ്‌തതും ക്രൈംബ്രാഞ്ചിന്റെ ‘കലാപരമായ’ അന്വേഷണത്തിനൊടുവില്‍. കവടിയാര്‍ ജവഹര്‍നഗറില്‍ 1998 മുതല്‍ 2018 വരെ നടന്ന നിരവധി മോഷണക്കേസിനും ഇതോടെ ചുരുളഴിഞ്ഞു.

ശാസ്തമംഗലത്തെ ഒരു വീട്ടില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി സൂര്യ നാരായണന്റെ വീട്ടില്‍നിന്ന്‌ 1998 ഡിസംബര്‍ 26ന്‌ 36 പവന്‍ മോഷ്ടിച്ച കേസിലാണ്‌ ജവഹര്‍ നഗര്‍ ചരുവിളാകത്ത് പുത്തന്‍ വീട്ടില്‍ കലകുമാറി (57-)നെ ഇന്‍സ്പെക്ടര്‍ കെ ആര്‍ ബിജു അറസ്റ്റുചെയ്‌തത്‌. 1999ല്‍ മ്യൂസിയം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.

എസ്‌ഐമാരായ ശശിഭൂഷണന്‍ നായര്‍, ഗോപകുമാര്‍, എഎസ്‌ഐ മോഹന്‍ലാല്‍, എസ്‌സിപിഒമാരായ പ്രതാപ് കുമാര്‍, ക്രിസ്റ്റഫര്‍ ഷിബു, ശോബിദ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കോടതി മുമ്ബാകെ ഹാജരാക്കിയ കലകുമാറിനെ റിമാന്‍ഡ്‌ ചെയ്തു.

കുടുക്കിയത്‌ ‘അഫിസ്‌’ തിരുവനന്തപുരം കലകുമാറിനെ കുടുക്കിയത്‌ പൊലീസിന്റെ ഹൈടെക്‌ വിരലടയാള സംവിധാനമായ അഫിസ്‌ (ഓട്ടോമാറ്റിക്‌ ഫിംഗര്‍ പ്രിന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം). 2018-ല്‍ മറ്റൊരു വീട്ടില്‍ നടന്ന മോഷണത്തില്‍ അവിടെയുള്ള സിസിടിവിയില്‍ കലകുമാറിന്റേതെന്ന്‌ തോന്നിക്കുന്ന മുഖം പതിഞ്ഞിരുന്നു. നാട്ടുകാരനായ ഇയാളെ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. കരിമഠം കോളനിക്ക്‌ സമീപമുള്ള വീട്ടില്‍നിന്ന്‌ കലകുമാറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ വിരലടയാളം ശേഖരിച്ചു. ഇത്‌ 2018ലെ മോഷണക്കേസില്‍ ഉപകാരപ്പെട്ടില്ലെങ്കിലും 1998ലെ കേസില്‍ നിര്‍ണായക വിവരമായി. ലഭിക്കുന്ന വിരലടയാളം മറ്റ്‌ എല്ലാ കേസിലെ സാമ്ബിളുമായി ഒത്തുനോക്കും. കലകുമാറിന്റെ വിരലടയാളം 1998ല്‍ സൂര്യനാരായണന്റെ വീട്ടില്‍നിന്ന്‌ ലഭിച്ച വിരലടയാളവുമയി യോജിച്ചതായി ഡിജിറ്റല്‍ മാച്ചിങ്‌ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഈ ഫലം വരുമ്ബോഴേക്കും ഇയാള്‍ മുങ്ങിയിരുന്നു. മോഷണത്തിനുശേഷം കലകുമാര്‍ വീട്ടില്‍ വന്നിരുന്നില്ല. വര്‍ഷങ്ങളായി ഭാര്യയുമായി അകന്നുകഴിയുകയാണ്‌. തയ്യല്‍ തൊഴിലാളിയായ ഇയാള്‍ വിവിധയിടത്ത്‌ മാറിമാറി താമസിക്കുകയായിരുന്നു. ഒടുവില്‍ കരിമഠം കോളനിക്കടുത്ത്‌ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ഒരു കേന്ദ്രത്തില്‍നിന്ന്‌ ക്രൈംബ്രാഞ്ച്‌ കലകുമാറിനെ പിടികൂടുകയായിരുന്നു.

Facebook Comments Box

By admin

Related Post