ആഘോഷിക്കാന്‍ സമയമില്ല: ഭാവിസമര തിരക്കുകളിലേക്ക് കര്‍ഷകര്‍
ന്യൂഡല്‍ഹി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലുള്ള ആഘോഷത്തിന് ചെലവിടാന്‍ സിന്‍ഘുവിലെയും ടിക്രിയിലെയും കര്‍ഷകര്‍ക്ക് അധിക സമയമില്ല.
വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മധുരം പങ്കിട്ടും നൃത്തമാടിയും ചെണ്ട കൊട്ടിയും ആഘോഷിച്ച ഇവര്‍ മറ്റാവശ്യങ്ങള്‍കൂടി നേടിയെടുക്കാന്‍ സമരം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സമരത്തിന്റെ ഒന്നാം വാര്‍ഷികം ഉജ്വലമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സിന്‍ഘുവില്‍ ശനിയാഴ്ച ചേര്‍ന്ന സംയുക്ത കിസാന്‍മോര്‍ച്ച യോഗം പ്രക്ഷോഭം തുടരാന്‍ തീരുമാനിച്ചതോടെ സമരകേന്ദ്രങ്ങള്‍ വീണ്ടും സജീവമായി.
ഒന്നാം വാര്‍ഷികാഘോഷത്തിന് 26ന് ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക് പതിനായിരക്കണക്കിന് കര്‍ഷകര്‍ എത്തുമെന്ന് ഒരു വര്‍ഷമായി സിന്‍ഘുവില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍സഭ പഞ്ചാബ് ജനറല്‍ സെക്രട്ടറി മേജര്‍ സിങ് പുന്നാവാല പറഞ്ഞു.
പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും മറ്റുമായി ട്രാക്ടര്‍ ട്രോളികളില്‍ കര്‍ഷകര്‍ പ്രവഹിക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വരുന്നത് മുന്‍നിര്‍ത്തി സമരകേന്ദ്രങ്ങളെ വീണ്ടും സജീവമാക്കാന്‍ ആഴ്ചകള്‍ക്ക് മുമ്ബുതന്നെ ഒരുക്കം തുടങ്ങി. കര്‍ഷക സമരത്തിന്റെ വിജയപ്രഖ്യാപനം കൂടിയാകും 26ന്റെ മഹാറാലി. എംഎസ്പി നിയമമടക്കമുള്ള മറ്റാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പുതിയ പ്രക്ഷോഭങ്ങളും തുടങ്ങും–- അദ്ദേഹം പറഞ്ഞു. ടിക്രിയിലും ശനിയാഴ്ച ആഹ്ലാദക്കാഴ്ചകള്‍ ഉണ്ടായില്ല. സമരം തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. എംഎസ്പി നിയമപരമാക്കണമെന്ന ആവശ്യം സുപ്രധാനമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ യുവനേതാവ് പവല്‍ കുസ പറഞ്ഞു. സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശപ്രകാരം എംഎസ്പി നിശ്ചയിക്കണം–- കുസ പറഞ്ഞു.