Fri. May 3rd, 2024

നന്നായി മേക്കപ്പ് ധരിച്ച് മാത്രം പുറത്തിറങ്ങും; ഉത്സവ സീസണിൽ മാത്രം മോഷണം നടത്തുന്ന യുവതി ആരാധനാലയങ്ങളിലെത്തിയാൽ തീവ്ര ഭക്ത; മേക്കപ്പ് ഈശ്വരിയെ കുടുക്കിയത് കെഎസ്ആർടിസി ഡ്രൈവറുടെ ജാഗ്രത

By admin Dec 4, 2021 #news
Keralanewz.com

പാലാ: തിരക്കേറിയ സ്ഥലങ്ങളിൽ വിദഗ്ദ്ധമായി മാല കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘മേക്കപ്പ് ഈശ്വരി അറസ്റ്റിലായി. കേരളത്തിലേക്ക് ഉത്സവ, പെരുനാൾ സീസണിലെത്തിയാണ് മേക്കപ്പ് ഈശ്വരി എന്ന 42കാരി മോഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ വെച്ച് യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തിലാണ് ഈശ്വരി പിടിയിലാത്. ബസിലെ ഡ്രൈവറുടെ ജാ​ഗ്രതയാണ് മോഷ്ടാവിനെ പിടികൂടാൻ സഹായിച്ചത്.

ഇന്നലെ ഏറ്റുമാനൂർ – പാലാ റൂട്ടിൽ ബസ് യാത്രികയായ ഏറ്റുമാനൂർ സ്വദേശിനിയായ ചിന്നമ്മയുടെ രണ്ടര പവൻ സ്വർണമാലയാണ് ഈശ്വരി അടിച്ചുമാറ്റിയത്. ചിന്നമ്മയും മകൾ ഷേർളി, അയൽവാസികളായ സിജ, വത്സമ്മ എന്നിവരും അരുവിത്തുറ പള്ളിയിൽ പോകുന്നതിനായി കോട്ടയം – തൊടുപുഴ കെ.എസ്.ആർ.ടി.സി. ബസിൽ കയറി. ബസിൽ ഉണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തന്റെ അടുത്ത് സീറ്റിൽ വിളിച്ചിരുത്തി. ചേർപ്പുങ്കലിലേക്ക് ടിക്കറ്റെടുത്തിരുന്ന ഈശ്വരി ചേർപ്പുങ്കലിലെത്തിയപ്പോൾ വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു. ഇത് കെ.എസ്.ആർ.ടി.സി ഡ്രൈവർ ഷാജിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബസ് പാലാ സ്റ്റാൻഡിലെത്തിയപ്പോൾ ഈശ്വരി തിരക്കിട്ട് ആദ്യമേ ഇറങ്ങി.

സംശയം തോന്നിയ ഡ്രൈവർ ഷാജി ചിന്നമ്മയോട് വല്ലതും നഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ടത് മനസിലായത്. ഇതിനിടെ ഈശ്വരി കോട്ടയത്തേക്കുള്ള ബസിൽ കയറിയിരുന്നു. പിന്നാലെ ഓട്ടോറിക്ഷയിൽ ചിന്നമ്മയും മൂന്നുപേരും പാലാ ടൗൺ ബസ് സ്റ്റാൻഡിലെത്തി ബസ് നിറുത്തിച്ച് പരിശോധിച്ചപ്പോൾ കവർച്ചക്കാരിയെ കണ്ടെത്തി. മാല ബസിലിട്ട് രക്ഷപ്പെടാൻ ഈശ്വരി ശ്രമിച്ചെങ്കിലും സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസെത്തി ഉടൻ കസ്റ്റഡിയിലെടുത്തു.

മധുര മുത്തുപ്പെട്ടി സ്വദേശിനിയായ മേക്കപ്പ് ഈശ്വരി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കട്ടിയിൽ മേക്കപ്പ് അണിഞ്ഞു മാത്രം പുറത്തിറങ്ങെന്നതിനാലാണ് ‘മേക്കപ്പ് ഈശ്വരി ” എന്ന് വിളിക്കുന്നത്. പള്ളിയിലോ, ക്ഷേത്രത്തിലോ എത്തിയാൽ തീവ്രഭക്തയായി നടിക്കാനും മിടുക്കിയാണ്. കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഒന്നര മാസം മുമ്പ് കേരളത്തിലേയ്ക്ക് വന്ന ഈശ്വരി ഇതിനോടകം പത്തുപവനോളം ആഭരണങ്ങൾ കവർന്നതായാണ് സൂചനയെന്ന് പാലാ സി.ഐ കെ.പി.ടോംസൺ, എസ്.ഐ എം.ഡി.അഭിലാഷ് എന്നിവർ പറഞ്ഞു.

ഉത്സവ, പെരുനാൾ സീസണുകളിൽ കേരളത്തിലേക്കെത്തുന്ന ഈശ്വരി ഇതിനോടകം വൈക്കം, കോട്ടയം, തലയോലപ്പറമ്പ് ഭാഗങ്ങളിൽ നിന്നായി മൂന്ന് പേരുടെ മാല കവർന്നതായി തെളിഞ്ഞു. ഇന്നലെ മാസാദ്യ വെള്ളിയാഴ്ച ആയതിനാൽ ചേർപ്പുങ്കൽ പള്ളിയിലെത്തി മാല കവരുകയായിരുന്നു ലക്ഷ്യമെന്ന് ഈശ്വരി പറഞ്ഞു. ചിന്നമ്മയുടെ മാല എളുപ്പത്തിൽ പൊട്ടിക്കാമെന്ന് കരുതിയെങ്കിലും നടക്കാതെ വന്നതുകൊണ്ടാണ് ചേർപ്പുങ്കൽ ഇറങ്ങാതെ യാത്ര നീട്ടിയതെന്നും മൊഴി നൽകി. ഭർത്താവ് മൂർത്തിയോടൊപ്പം ഏറ്റുമാനൂരിൽ വാടകയ്ക്ക് താമസിച്ചാണ് ഇവർ മോഷണം നടത്തുന്നത്. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook Comments Box

By admin

Related Post