Sat. Apr 27th, 2024

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക്,സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നല്‍കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍

By admin Dec 8, 2021 #mullapperiyar dam
Keralanewz.com

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു.

60 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90 അടിയാണ്. ഇതോടെ കേരളത്തിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്.

രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെയാണ് വെള്ളം തുറന്നു വിടുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരേ കേരളം സുപ്രീം കോടതിയിയെ സമീപ്പിക്കാനൊരുങ്ങുകയാണ്. സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നല്‍കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്.

മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഇതുമൂലം പെരിയാറിന്റെ തീരത്തെ പല വീടുകളിലും വെള്ളം കയറി സാധന സാമഗ്രികള്‍ നശിച്ചു. ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനമുണ്ട്.

ഇതോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്. അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഡോ. ജോ ജോസഫും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നല്‍കിയത്.

രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നും മേല്‍നോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും ആവശ്യം ഉയര്‍ത്തി.ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നത്. മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറില്‍ നിന്നും രാത്രികാലങ്ങളില്‍ വെള്ളം ഒഴുകി വിട്ടു.

പെരിയാര്‍ തീരത്തെ ജനങ്ങള്‍ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച്‌ ഒന്നു പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. വൃഷ്ടിപ്രദേശത്ത് മഴകനത്തതിനാലാണ് മുല്ലപ്പെരിയാര്‍ സംഭരണശേഷിയുടെ പരമാവധിയോടടുക്കുന്നത്. മുന്നറിയിപ്പ് നല്‍കി വെള്ളം തുറന്നു വിടാന്‍ തയ്യാറായാല്‍ തീരവാസികള്‍ ഏറെക്കുരെ സുരക്ഷിതരാകുമെന്നാണ് കേരളത്തിന്റെ നിലപാട്.

Facebook Comments Box

By admin

Related Post