Sat. May 4th, 2024

കെ റെയില്‍ കല്ലിടീലിനിടെ നാടകീയ രംഗങ്ങള്‍, ദേഹത്ത് പെട്രോളും മണ്ണെണ്ണയുമൊഴിച്ച്‌ ദമ്ബതികള്‍, ശ്വാസംനിലച്ച്‌ ഉദ്യോഗസ്ഥര്‍

By admin Dec 21, 2021 #k rail #protest
Keralanewz.com

കൊല്ലം: കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന്റെ കല്ലിടീലിനിടെ കൊട്ടിയം തഴുത്തലയില്‍ ഉദ്യോഗസ്ഥരെ അമ്ബരപ്പിച്ച രംഗങ്ങള്‍.

ദമ്ബതികളും മകളും ദേഹത്ത് പെട്രോളൊഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കി. അയല്‍വീട്ടിലെ ദമ്ബതികള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ലൈറ്ററും കൈയില്‍പ്പിടിച്ച്‌ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിറുത്തി. ഒരു വീട്ടമ്മ മകള്‍ക്കൊപ്പം വീട്ടിലേക്ക് ഓടിക്കയറി കതകടച്ചത് അല്ലാത്ത ആശങ്കയായി.

കൊട്ടിയം, തഴുത്തല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മുരുക്കുംകാവ് ക്ഷേത്രം വരെയുള്ള ഭാഗത്തെ കല്ലിടല്‍ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. 19-ാം വാര്‍ഡിലെ ശേഷിക്കുന്ന സ്ഥലത്തെ കല്ലിടലാണ് ഇന്നലെ രാവിലെ ആരംഭിച്ചത്. ഈ വാര്‍ഡിലെ രണ്ടിടത്ത് കല്ലിട്ട ശേഷം 20-ാം വാര്‍ഡിലേക്ക് കടന്നപ്പോഴാണ് പ്രതിഷേധം ശക്തമായത്. വൈകിട്ട് പ്രതിഷേധം കൂടുതല്‍ കനത്തതോടെ ഉദ്യോഗസ്ഥ സംഘം പിന്‍വാങ്ങി. എന്നാല്‍ ഇന്ന് പുനരാരംഭിക്കുമെന്ന് കെ റെയില്‍ സ്ഥലമേറ്റെടുപ്പ് വിഭാഗം അറിയിച്ചു.

 11 എ.എം

ഉദ്യോഗസ്ഥ സംഘം 20-ാം വാര്‍ഡിലെ കാര്‍ത്തികയില്‍ സിന്ധുവിന്റെ ഭൂമിയില്‍ കല്ലിടാനെത്തി. രൂപരേഖ പ്രകാരം വീടിന്റെ അടുക്കളയിലാണ് കല്ലിടേണ്ടത്. ഉദ്യോഗസ്ഥ സംഘം വീട്ടില്‍ പ്രവേശിച്ചതോടെ സിന്ധു ഉച്ചത്തില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ വീട്ടമ്മയ്ക്ക് പിന്തുണയുമായി എത്തി. പൊലീസ് ബലം പ്രയോഗിച്ച്‌ പ്രതിഷേധക്കാരെ നീക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു. പ്രതിഷേധക്കാര്‍ ഇതിനിടെ അടുക്കളയിലിട്ട കല്ല് പിഴുത് നീക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.

 1 പി.എം

സ്ഥലമേറ്റെടുക്കല്‍ സംഘം ഉച്ചയ്ക്ക് ഒരു മണിയോടെ തൊട്ടടുത്തുള്ള ജയകുമാറിന്റെ ഭൂമിയിലേക്ക്. ഇതോടെ ജയകുമാറും ഭാര്യയും മകളും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു. ജയകുമാറിന്റെ കൈയില്‍ ലൈറ്ററും ഉണ്ടായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതോടെ കെ റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരും സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാരും എത്തി. പൊലീസും ഉദ്യോഗസ്ഥരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും ജയകുമാര്‍ വഴങ്ങിയില്ല. ഇതോടെ ഉദ്യോഗസ്ഥ സംഘം കളക്ടറെ ബന്ധപ്പെട്ടു. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം സബ് കളക്ടറും തഹസില്‍ദാരും സ്ഥലത്തെത്തി ജയകുമാറുമായും തൊട്ടുമുന്‍പ് കല്ലിട്ട വീട്ടിലെ സിന്ധുവുമായും ചര്‍ച്ച നടത്തി. ഇതിനിടെ സിന്ധുവും മകളും വീട്ടിലേക്ക് ഓടിക്കയറി. പൊലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് പിന്നാലെ ഓടി. സിന്ധുവും മകളും അത്മഹത്യയ്ക്ക് ശ്രമിക്കുമോയെന്ന ഭീതിയില്‍ പൊലീസ് വീടിന്റെ പിന്‍വാതില്‍ പൊളിച്ച്‌ അകത്തുകടന്ന് ഇരുവരെയും ആശ്വസിപ്പിച്ചു.

 3 പി.എം

ഉദ്യോഗസ്ഥസംഘം ജയകുമാറിന്റെ അയല്‍വാസിയായ അജയകുമാറിന്റെ വീട്ടിലേക്ക് നടന്നു. അപ്പോള്‍ അജയകുമാര്‍ ഗേറ്റ് അടച്ചു. കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ഭാര്യ സുധയുടെ ദേഹത്തേക്കൊഴിച്ചു. തുടര്‍ന്ന് അജയകുമാര്‍ സ്വയമൊഴിച്ചു. എന്നിട്ട് ലൈറ്റര്‍ ഉയര്‍ത്തിപ്പിടിച്ചു. പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അകത്തേക്ക് കടക്കാനായില്ല. സ്ഥിതി വഷളാകുമെന്ന് ഉറപ്പായതോടെ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ കല്ലിടീല്‍ താത്കാലിമായി അവസാനിപ്പിച്ച്‌ മടങ്ങി.

Facebook Comments Box

By admin

Related Post