Sun. May 5th, 2024

വ്യാജ സ്വര്‍ണവിഗ്രഹം കാട്ടി 10 കോടി തട്ടിയെടുക്കാന്‍ ശ്രമം, പ്രതിക്ക് ജാമ്യമില്ല

By admin Dec 26, 2021 #news
Keralanewz.com

വിഗ്രഹം സ്വര്‍ണംകൊണ്ട് നിര്‍മ്മിച്ചതാണെന്നു തെറ്റിദ്ധരിപ്പിച്ചു. രാജകുടുംബത്തില്‍ നിന്നും ലഭിച്ച പുരാവസ്തുവാണെന്നും പറഞ്ഞു.

100 വര്‍ഷം പഴക്കമുള്ള വിഗ്രഹത്തിന് ദൈവികശക്തിയുണ്ടെന്നും സര്‍ക്കാരിലേക്ക് വന്‍തുക കെട്ടിവെച്ചാണ് താന്‍ കൈവശം വെച്ചിരിക്കുന്നതെന്നും അവകാശപ്പെട്ടു

തൃശൂര്‍: മോന്‍സന്‍ മാവുങ്കലിന് ചില പിന്‍തുടര്‍ച്ചക്കാര്‍ കൂടി. അത്യപൂര്‍വ്വപുരാവസ്തുവാണ്,പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതാണ് എന്ന് തെറ്റിദ്ധരിപ്പിച്ച്‌ സ്വര്‍ണനിറം പൂശിയ ഗണപതിയുടെ വിഗ്രഹം വില്പന നടത്തി 10 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം തൃശൂരിലാണ്. ഈ കേസില്‍ അറസ്റ്റിലായ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. എളവള്ളി കണ്ടമ്ബുള്ളി സുജിത് രാജിന്‍്റെ (39) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് തള്ളിയത്.


ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കേസിലെ മറ്റു പ്രതികളുമായി കൂട്ടുചേര്‍ന്ന് ഇടനിലക്കാരനായാണ് സുജിത് രാജ് പ്രവര്‍ത്തിച്ചത്. വിലകുറഞ്ഞ ലോഹങ്ങള്‍ കൊണ്ടായിരുന്നു വിഗ്രഹം നിര്‍മ്മിച്ചത്. സ്വര്‍ണവര്‍ണ്ണം പൂശിയ വിഗ്രഹം, സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചതാണെന്നും, കൃത്രിമ രേഖകള്‍ കാണിച്ച്‌ രാജകുടുംബത്തില്‍ നിന്നും ലഭിച്ച പുരാവസ്തുവാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്താണ് പ്രതി വിഗ്രഹം വില്പന നടത്താന്‍ ശ്രമിച്ചത്. വിഗ്രഹത്തിന് ദൈവികശക്തിയുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു. നൂറു വര്‍ഷം പഴക്കമുള്ള വിഗ്രഹം സര്‍ക്കാരിലേക്ക് തുക കെട്ടിവെച്ചാണ് താന്‍ കൈവശം വെച്ചിരിക്കുന്നതെന്നും ആയത് തെളിയിക്കുന്നതിന് കോടതിയുടെ വ്യാജസീല്‍ പതിപ്പിച്ച രേഖകളും ഹാജരാക്കിയിരുന്നു. സംശയം തോന്നിയതിനെത്തുടര്‍ന്ന് പാവറട്ടി പൊലീസ് സ്റ്റേഷനില്‍ വിഗ്രഹം വാങ്ങാന്‍ തയ്യാറായ വ്യക്തി പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സ്ത്രീയടക്കം ഏഴ് പേര്‍ അറസ്റ്റിലായത്. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും, കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടാകാനിടയുണ്ടെന്നും വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടര്‍, കേരളമൊട്ടാകെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തി ജനങ്ങളെ ചതിച്ച്‌ പണം തട്ടിയെടുക്കുന്ന പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്നും ചൂണ്ടിക്കാട്ടി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബുവിന്റെ വാദം സ്വീകരിച്ചാണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്

Facebook Comments Box

By admin

Related Post