Sun. May 5th, 2024

സ്കോളർഷിപ്പ് ലഭ്യമാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലാർക്ക് പിടിയിൽ

By admin Dec 28, 2021 #news
Keralanewz.com

തൊടുപുഴ: പട്ടികജാതി വികസന ഓഫീസിൽ നിന്നു സ്‌കോളർഷിപ്പ് ലഭ്യമാക്കുന്നതിന് മൂന്നാർ സ്വദേശിയിൽ നിന്നു 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലാർക്കിനെ വിജിലൻസ് പിടികൂടി. തൊടുപുഴ ഇടവെട്ടി വലിയജാരം പനക്കൽ വീട്ടിൽ കെ. റഷീദ് ആണ് പിടിയിലായത്.മൂന്നാർ സ്വദേശിയുടെ മകൾക്ക് ഫാഷൻ ടെക്നോളജി പഠിക്കാൻ 2.5 ലക്ഷം രൂപ സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിന് ജില്ല പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്ന് റഷീദ് ആവശ്യപ്പെട്ടിരുന്നു. 60,000 രൂപ കൈക്കൂലി നൽകണമെന്നും, അതിൽ 40,000 രൂപ മുൻകൂറായി നൽകണമെന്നുമായിരുന്നു ആവശ്യം. മൂന്നാർ സ്വദേശി സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ മുൻകൂറായി 25,000 രൂപ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിയുമായി മൂന്നാർ സ്വദേശി വിജിലൻസിനെ സമീപിക്കുകയുമായിരുന്നു

2019-ലും 2020-ലും സ്‌കോളർഷിപ്പ് ലഭിച്ചപ്പോൾ പരാതിക്കാരനിൽ നിന്നു ഇയാൾ പണം വാങ്ങിയിരുന്നു.2019-ൽ 60,000 രൂപയും, 2020-ൽ 50,000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് കൈക്കൂലിയായി നൽകി. ഇത്തവണയും സ്‌കോളർഷിപ്പ് തുക ലഭിക്കുന്നതിന് കൈക്കൂലി തൊടുപുഴയിൽ എത്തിക്കാൻ പരാതിക്കാരനോട് റഷീദ് ആവശ്യപ്പെട്ടു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പണം കൈമാറുന്നതിനിടെ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി. ആർ. രവികുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചൊവ്വാഴ്ച തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും

Facebook Comments Box

By admin

Related Post