International News

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയായ മലയാളി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

Keralanewz.com

മരങ്ങാട്ടുപിള്ളി: ടെക്സാസിലെ എൽപസോയിൽ മലയാളി വെടിയേറ്റുമരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അക്രമിയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കൻ ആർമിയിൽ സിഗ്നൽ ഡിവിഷന്റെ ക്യാപ്റ്റനായി വിരമിച്ച ഇമ്മാനുവേൽ വിൻസെന്റ് പകലോമറ്റമാണ് (ജെയ്‌സൺ-44) മരിച്ചത്. ജോൺ കണ്ണിൻഗാമിലെ പാർക്കിങ് ഏരിയയിൽ ഇമ്മാനുവേൽ വിൻസെന്റിനുനേരേ അക്രമി വെടിയുതിർക്കുകയായിരുന്നു.

മെയിൽ ബോക്സ് തുറക്കാൻ പോകുമ്പോഴാണ് സംഭവം. ഇദ്ദേഹം താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ മറ്റൊരു കുടുംബത്തെ സഹായിക്കാനെന്നവ്യാജേന എത്തിയ ആൾ കളവ് നടത്തിയിരുന്നു. ഇക്കാര്യം ഇമ്മാനുേവൽ പോലീസിലറിയിച്ചു. ഇതിലുള്ള വൈരമാണ് ആക്രമണത്തിൽ കലാശിച്ചത്. ഏറെനാളത്തെ നിരീക്ഷണത്തിനുശേഷമാണ് കൊലനടത്തിയതെന്ന്, ഇമ്മാനുേവലിന്റെ അച്ഛൻ മാണി പറഞ്ഞു.

അമേരിക്കൻ സേനയ്ക്കൊപ്പം രണ്ടുതവണ ഇറാഖിലും ഒരുവർഷംവീതം സൗത്ത് കൊറിയയിലും ജർമനിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുറവിലങ്ങാട് പകലോമറ്റം മാണിയുടെയും എലിസബത്തിന്റെയും മൂന്നാമത്തെ മകനായ ഇമ്മാനുവേൽ അവിവാഹിതനാണ്. ഈ കുടുംബം ഇപ്പോൾ മരങ്ങാട്ടുപിള്ളി ആണ്ടൂരിലാണ്.

ജോ, ജെയിംസ്, ജെഫ്‌റി (മൂവരും കണക്ടിക്കട്ട്) എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരശുശ്രൂഷകൾ ജനുവരി ഏഴിന് ഹാർട്ട്ഫോർഡിലെ സെന്റ് തോമസ് സിറോ മലബാർ പള്ളിയിൽ അമേരിക്കൻ സമയം രാവിലെ 11-ന് തുടങ്ങും. മിഡിൽ ടൗണിലെ ദി സ്റ്റേറ്റ് വെറ്ററൻസ് സെമിത്തേരിയിലാണ് സംസ്കാരം

Facebook Comments Box