International News

പ്രസവത്തിന് ശേഷം മസ്തിഷ്‌കാഘാതം, യുവ മലയാളി ഡോക്ടര്‍ ഖത്തറില്‍ മരിച്ചു

Keralanewz.com

പ്രസവത്തിന് പിന്നാലെ മസ്തിഷ്‌കാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവ മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഡോക്ടറുമായിരുന്ന ഡോ. ഹിബ ഇസ്മയില്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൌണ്ടേഷനില്‍ ഡോക്ടറുമായ ഡോ. മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശികളായ ഇസ്മയില്‍- മഹ്‌മൂദ ദമ്പതികളുടെ മകളാണ്.

മൂന്ന് ആഴ്ച മുമ്പായിരുന്നു ഹിബ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞയാഴ്ച തലവേദന അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്ത ഗുരുതരാവസ്ഥയില്‍ ഹമദ് മേഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായ മസ്തിഷ്‌കാഘാതമാണ് ഹിബയ്ക്ക് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടത്തി. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന യുവതി ഇന്നലെ രാവിലെയോടെ മരിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തറിലെ അബൂ ഹമൂര്‍ ഖബറിസ്ഥാനില്‍ ഖബറടക്കി

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍ റെസിഡന്റ് ഡോക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു ഹിബ. പ്രസവത്തിന് ശേഷം അമേരിക്കയില്‍ ഉപരിപഠനത്തിനായി പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹിബയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസികളാണ് ഹിബയുടെ കുടുംബം. ഹമദ് ആശുപത്രിയില്‍ തന്നെ ജനിച്ച് അവിടെ തന്നെ ജോലി ലഭിച്ച് അതെ ആശുപത്രിയില്‍ വെച്ച് തന്നെയാണ് മരണവും സംഭവിച്ചത്

Facebook Comments Box