Kerala News

ദിലീപിന് വമ്പൻ തിരിച്ചടി ,നടിയെ ആക്രമിച്ച കേസിൽ 8 സാക്ഷികളെ വിസ്തരിയ്ക്കാൻ ഹൈക്കോടതി അനുമതി

Keralanewz.com

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) പ്രോസിക്യൂഷൻ ആശ്വാസം. മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകി. പുതിയ അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. കേസിൽ 10 ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. രേഖകൾ വിളിച്ചു വരുത്തണം എന്ന ഹർജിയും അനുവദിച്ചു

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയത്. ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ ദിലീപ് വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം

ഇതിനിടെ, നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്ര കുമാർ ആരോപിക്കുന്ന വിഐപിയെ അന്വേഷണ സംഘം  തിരിച്ചറിഞ്ഞു. കോട്ടയത്തെ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വിഐപിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ കാര്യം വാർത്തയാതിന് പിറകെ ആ വിഐപി താനല്ലെന്ന് അവകാശപ്പെട്ട് കോട്ടയം സ്വദേശി  മെഹബൂബ് രംഗത്തെത്തി

Facebook Comments Box