ലോകായുക്ത ; സിപിഐയുടെ പരസ്യ നിലപാടില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി

Spread the love
       
 
  
    

തിരുവനന്തപുരം ∙ ലോകായുക്ത ഓര്‍ഡിനന്‍സിലെ സിപിഐയുടെ പരസ്യ നിലപാടില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. വിയോജിപ്പുണ്ടെങ്കില്‍ മന്ത്രിസഭായോഗത്തില്‍ അറിയിക്കണമായിരുന്നു എന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

സിപിഐ നേതൃത്വം പരസ്യപ്രതികരണം തുടര്‍ന്നാല്‍ മറുപടി നല്‍കണമെന്ന അഭിപ്രായം സിപിഎമ്മില്‍ ഉയരുന്നുണ്ട്.

സമീപകാലത്തൊന്നും ഇങ്ങനെ സര്‍ക്കാരിനെ വെട്ടിലാക്കുന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ചിട്ടില്ല. മുന്നണി മര്യാദയ്ക്കു നിരക്കാത്ത പ്രതികരണമാണ് സിപിഐയില്‍ നിന്നുണ്ടായതെന്ന വികാരം സിപിഎമ്മിനുണ്ട്. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എല്ലാ വിഷയവും മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയെന്നിരിക്കില്ലെന്നും സിപിഎം പറയുന്നു.

സര്‍ക്കാരില്‍ എല്ലാ കക്ഷികളുമുള്ളതിനാല്‍ വ്യത്യസ്ത നിലപാട് ഉണ്ടാകുമ്ബോള്‍ അറിയിക്കാവുന്നതേയുള്ളൂ. മന്ത്രിസഭായോഗത്തില്‍തന്നെ ലോകായുക്ത ഓര്‍ഡിനന്‍സ് രണ്ടുതവണ എത്തി. രണ്ടാമത്തെ തവണയാണ് അനുമതി നല്‍കിയത്. മതിയായ സമയമുണ്ടായിട്ടും ഓര്‍ഡിനന്‍സ് വന്നപ്പോള്‍ സിപിഐയുടെ നാല് മന്ത്രിമാര്‍ നോക്കുകുത്തികളായി നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നാണ് സിപിഎം ചോദിക്കുന്നത്. എതിരഭിപ്രായം ശ്രദ്ധയില്‍ പെടുത്തിയാല്‍ ഓര്‍ഡിനന്‍സ് മാറ്റിവയ്ക്കുകയും സിപിഐയുമായി ചര്‍ച്ച നടത്തുകയും ചെയ്യുമായിരുന്നു.

സമാനമായ സംഭവങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ട്. സെക്രട്ടേറിയറ്റ് മാനുവല്‍ പരിഷ്കരണവും പൊലീസ് കമ്മിഷണറേറ്റ് രൂപീകരണവും ഉദാഹരണങ്ങള്‍. ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച്‌ മന്ത്രിസഭയില്‍ എതിരഭിപ്രായമുണ്ടാകാത്തതിനാല്‍ സിപിഐ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തേണ്ടി വന്നില്ലെന്നും സിപിഎം പറയുന്നു. മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ അത് സിപിഐ പരിഹരിക്കേണ്ട പ്രശ്നമാണെന്നും അഭിപ്രായമുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ് സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ നില്‍ക്കുന്നത്.

Facebook Comments Box

Spread the love