Kerala News

ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്കാനാകാതെ ചെയ്ത കടുംകൈ; പ്രചോദനമായത് സ്വന്തം പിതാവിനെ അമ്മ മയക്കുന്നത് കണ്ടുള്ള പരിചയവും; പാലായിലെ ആശയുടെ മൊഴി ഇങ്ങനെ..

Keralanewz.com

കോട്ടയം: പാലായില്‍ യുവതി ഭര്‍ത്താവിന് മനോരോ​ഗികള്‍ക്ക് നല്‍കുന്ന മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയിരുന്നത് പീഡനത്തില്‍ നിന്നും രക്ഷപെടാന്‍.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആശയെ ഭര്‍ത്താവ് സതീഷ് ഉപദ്രവിക്കുമായിരുന്നു. ഇതാണ് മരുന്നു കൊടുത്ത് ഉറക്കാനുള്ള കാരണമെന്നു ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു. രാത്രി മരുന്നു കൊടുത്താല്‍ പിറ്റേന്ന് ഉച്ചവരെ സതീഷ് ഉറങ്ങുമായിരുന്നു എന്നാണ് ആശയുടെ മൊഴിയില്‍ പറയുന്നത്. സ്വന്തം പിതാവിന് അമ്മ ഇത്തരത്തില്‍ മരുന്ന് നല്‍കുന്നതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ആശയുടെ പ്രവര്‍ത്തി.

36കാരിയായ യുവതി മരുന്നു സൂക്ഷിച്ചിരുന്നത് അലമാരയില്‍ തുണികള്‍ക്കിടയിലും അടുക്കളയിലുമായിട്ടായിരുന്നു. രണ്ടു സ്ഥലത്തു നിന്നുമായി ഗുളികകളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തു. പാലായിലെ രണ്ട് മെഡിക്കല്‍ ഷോപ്പുകളില്‍നിന്നാണ് മരുന്നു വാങ്ങിയിരുന്നത്. മുന്‍പരിചയമുള്ളതിനാലാണ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതിരുന്നിട്ടും യുവതിക്ക് മരുന്നു ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശയെ സഹായിച്ച ബന്ധുക്കളെയും ചോദ്യം ചെയ്യും. സ്വന്തം പിതാവിന് അമ്മ ഇങ്ങനെ പലപ്പോഴും മരുന്നു നല്‍കിയിരുന്നുവെന്ന ആശയുടെ മൊഴിയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ആശയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ വിദേശത്താണ്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. എന്നാല്‍ പിതാവിന് മരുന്നു കൊടുത്തിരുന്നുവെന്ന ആശയുടെ മൊഴി ശരിയല്ലെന്ന് ആശയുടെ സഹോദരന്‍ പൊലീസിനെ അറിയിച്ചു. ഇവരുടെ സാമ്ബത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി കാട്ടി മൂന്നു വര്‍ഷം മുന്‍പ് ആശ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജനപ്രതിനിധികളും മറ്റും ഇടപെട്ട് കേസ് ഒത്തുതീര്‍പ്പാക്കി. ആശയെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം, ആശയും വീട്ടുകാരും ചേര്‍ന്ന് തന്നെ ഇല്ലാതാക്കി ബിസിനസും സ്വത്തും തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്ന് ഭര്‍ത്താവ് സതീഷ് പറയുന്നു. കഴിഞ്ഞ വര്‍ഷം 20 ദിവസം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു കഴിച്ചപ്പോള്‍ ക്ഷീണം ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് സംശയം തോന്നിയത്. 2006 ലാണ് അമ്മാവന്റെ മകളായ ആശയെ വിവാഹം ചെയ്തത്. ഭാര്യ വീട്ടുകാരുടെ ഗള്‍ഫിലെ ബിസിനസുമായി ബന്ധപ്പെട്ട് അവിടേക്ക് പോയെങ്കിലും മനംമടുത്ത് തിരികെ പോന്നതായും സതീഷ് പറഞ്ഞു.

മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷിനെയാണ് (36) ആണ് ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ‘ഭര്‍ത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ‘ഇതു കൊടുത്താല്‍ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല.’ ആശാ സുഹൃത്തിന് അയച്ച വോയിസ് ക്ലിപ്പ് ആണ് കേസിലെ പ്രധാന വഴിത്തിരിവ്.

ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലര്‍ത്തി നല്‍കുന്ന വിവരം സ്ഥിരീകരിച്ചത്. ‘ഭര്‍ത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ഇതു കൊടുത്താല്‍ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല’ എന്നു ആശ കൂട്ടുകാരിയോട് പറഞ്ഞു. ഈ സംഭാഷണത്തിന്റെ വോയിസ് ക്ലിപ് പൊലീസിന് ലഭിച്ചു. മരുന്നിന്റെ പേരും ആശ കൂട്ടുകാരിക്ക് അയച്ചു കൊടുത്തു. കൂട്ടുകാരി ഇക്കാര്യം സതീഷിനെ അറിയിച്ചു. മരുന്നുമായി സതീഷ് ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ലാബില്‍ പരിശോധനയും നടത്തി. ദീര്‍ഘകാലം മരുന്നു കഴിച്ചാല്‍ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ സതീഷിനോട് പറഞ്ഞു. തുടര്‍ന്നാണു പരാതി നല്‍കിയത്.ആശയെ സഹായിച്ചവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Facebook Comments Box