Fri. Mar 29th, 2024

മരുന്നുകളുടെ അന്യായ വില വർദ്ധനവ് തടയണം ;ജിമ്മി മറ്റത്തിപ്പാറ

By admin Feb 7, 2022 #news
Keralanewz.com

തൊടുപുഴ; ജീവൻരക്ഷാ മരുന്നുകളുടെയും ജീവിതശൈലി രോഗങ്ങളുടേയും മരുന്നുകളുടെ അന്യായമായ വില വർദ്ധനവ് തടയാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾ ക്കിടയിലും യാതൊരു നീതീകരണവുമില്ലാതെ അലോപ്പതി മരുന്നുകളുടെ വില 10 മുതൽ 50 ശതമാനം വരെ വർധിച്ചിരിക്കുകയാണ്. സാധാരണക്കാരെ നട്ടം തിരിക്കുന്ന വിലവർധനയ്ക്ക് കളമൊരുക്കുന്നത് വൻകിട മരുന്നുകമ്പനികളും വിതരണക്കാരും ചേർന്നാണ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗവും ഒരു വിഭാഗം ഡോക്ടർമാരും ആശുപത്രി അധികൃതരും ചേർന്ന് ഈ കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയാണ്.

ഗുണമേന്മയില്ലാത്ത അലോപ്പതി മരുന്നുകൾ വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. ഡോക്ടർമാർക്ക് 10 മുതൽ 20 ശതമാനം വരെ കമ്മീഷൻ നൽകി ഇത്തരത്തിലുള്ള മരുന്നുകൾ വിപണിയിൽ ചിലവാക്കപ്പെടുകയാണ്. സഹകരണമേഖലയിൽ നീതി മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും. സാധാരണക്കാരായ ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കാറില്ല. പലപ്പോഴും ഡോക്ടർമാർ നിർദേശിക്കുന്ന ബ്രാൻഡുകൾ സ്വകാര്യ ഫാർമസിയിൽ മാത്രമാണ് ലഭിക്കുക. ജില്ലയിലെ ഫാർമസി കളിലും ആശുപത്രികളിലും പരിശോധന നടത്താൻ ഉത്തരവാദപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോളർ ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല. ജില്ലയിൽ കേവലം ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഇത്തരത്തിൽ പരിശോധന നടത്താൻ നിയമിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങൾക്ക് ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒഴിവാക്കാൻ പറ്റാത്ത മരുന്നുകൾക്ക് പൊതുവിപണിയിൽ വിലക്കുറവിൽ ലഭ്യമാക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണം. കാരുണ്യ ഫാർമസി പോലുള്ള സർക്കാർ ഏജൻസികളിൽ നിന്നും ഗുണമേന്മയുള്ള മരുന്നുകൾ വില കുറച്ച് ലഭ്യമാക്കണം.

സ്വകാര്യ ആശുപത്രികൾ പലതും ജനറിക് മരുന്നുകൾക്ക് എംആർപി തന്നെ ഈടാക്കുന്ന സ്ഥിതിയാണുള്ളത്. പരമാവധി വിലയുടെ 10 മുതൽ 20 ശതമാനം നിരക്കിൽ മാത്രമാണ് ഇത്തരം മരുന്നുകൾ അവർക്ക് ലഭ്യമാകുന്നത്. സാധാരണക്കാരെ കൊള്ളയടിക്കുവാൻ സ്വകാര്യ ആശുപത്രികളും മരുന്നുകമ്പനികളും ഡ്രഗ് കൺട്രോളർ വിഭാഗത്തിന്റെ ഒത്താശയോടുകൂടി മത്സരിക്കുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. സർക്കാർ ഈ സാഹചര്യത്തിൽ മരുന്ന് വിപണിയിൽ ഇടപെട്ട് ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു.

Facebook Comments Box

By admin

Related Post