Fri. Mar 29th, 2024

പാലാ ജനറൽ ആശുപത്രി – പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി: ഇനി ഇവിടെ പുതിയ മന്ദിരങ്ങൾ മാത്രം

By admin Feb 8, 2022 #news
Keralanewz.com

പാലാ: ജനറൽ ആശുപത്രി കോംപൗണ്ടിൽ ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കം ചെയ്യാനാരംഭിച്ചു.പതിനായിരങ്ങൾക്ക് ചികിത്സയും പരിചരണവും നൽകിയ നൂറ്റാണ്ട് പഴക്കമുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളാണ് പൊളിച്ചുനീക്കം ചെയ്യാനാരംഭിച്ചത്.താലൂക്ക് ആശുപത്രിയിൽ നിന്നും 2004 ൽ ജനറൽ ആശുപത്രിയായതോടെ പുതിയ ഏഴു നില മന്ദിരം പണിയുകയും ഈ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ചികിത്സാ വിഭാഗങ്ങൾ ഒന്നൊന്നായി പുതിയ മന്ദിരത്തിലേക്ക് മാറ്റുകയുമുണ്ടായി..പിന്നീട് ഇവിടെ ആശുപത്രി ഒഫീസും ,പാലിയേറ്റീവ്, ഇൻഷ്വറൻസ്, മെഡിക്കൽ സ്റ്റോർ വിഭാഗങ്ങളും പ്രവർത്തിച്ചിരുന്നു.

രോഗികൾ കൂടുതലായി എത്തി തുടങ്ങിയതോടെ വാഹന പാർക്കിംഗിന് ആവശ്യമായ സ്ഥലം കിട്ടാതെ വിഷമിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. വിവിധ വിഭാഗങ്ങളിലായി 400-ൽ പരം ജീവനക്കാർ ഉള്ള ഈ ആശുപത്രിയിൽ കോവിഡ് വ്യാപനത്തെ തുടർന്ന്‌ ഭൂരിഭാഗം ജീവനക്കാരും രോഗികളും സ്വന്തം വാഹനങ്ങളിൽ എത്തി തുടങ്ങിയതോടെ വാഹന പാർക്കിംഗ് റോഡിലേക്ക് നീണ്ടുപോയത് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു

കോവിഡ് പരിശോധന ,വാക്സിനേഷൻ എന്നിവയ്ക്കായി ദിവസവും നൂറുകണക്കിന് പേർ എത്തിയതോടെ ആശുപത്രി പരിസരംനാന്നു തിരിയാൻ ഇടമില്ലാതെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു.ഈ സാഹചര്യത്തിലാണ് ആശുപത്രി മാനേജിംഗ് കമ്മിറ്റി പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് നടപടികൾ സ്വീകരിച്ചത്. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് നഗരസഭ നടത്തിയ ലേലത്തിൽ നികുതി ഉൾപ്പെടെ ഒൻപതു ലക്ഷത്തി ഇരുപതിനായിരം രൂപ സർക്കാരിലേക്ക് ലഭിച്ചു.

പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതോടെ കോട്ടയം ജില്ലയിൽ പുതിയ ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങൾ മാത്രമുള്ള ഏക സർക്കാർ ആശുപത്രിയായി പാലാ ‘ജനറൽ ആശുപത്രി മാറി.കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ 40 കോടിയിൽപരം രൂപ അനുവദിച്ച് മൂന്ന് ബഹുനില മന്ദിരങ്ങളാണ് നിർമ്മിച്ചത്. 341 ബഡുകളാണ് ആശുപത്രിയിൽ ഇപ്പോൾ ഉള്ളത്.കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ ഭാഗത്ത് വിസ്തൃതവും സൗകര്യപ്രദവുമായ പാർക്കിംഗ് സൗകര്യം ക്രമീകരിക്കുമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.

ആശുപത്രി കോമ്പൗണ്ടിൽവാഹന പാർക്കിംഗിന് ആവശ്യമായ സൗകര്യം ഒരുക്കുവാൻ ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് സത്വര നടപടി സ്വീകരിച്ച നഗരസഭാ അധികൃതരെ ജയ്സൺമാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു

Facebook Comments Box

By admin

Related Post