Thu. May 2nd, 2024

കേരളത്തിന് പാഠമാകണം ഈ കോടതി വിധി

By admin Feb 21, 2022 #terrorism
Keralanewz.com

ഹമ്മദാബാദ് ബോംബ് സ്‌ഫോടന പരമ്ബരയില്‍ രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലാദ്യമായി മുപ്പത്തിയെട്ട് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതി ഉത്തരവിന് സവിശേഷതകള്‍ ഏറെയാണ്.

പതിനൊന്ന് പേര്‍ക്ക് മരണംവരെ ജീവപര്യന്തവും ശിക്ഷ വിധിച്ചപ്പോള്‍ ഇരുപത്തിയെട്ടുപേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. ഒരാളെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഗുജറാത്ത് പോലീസ് നടത്തിയ ഏറെ ശ്രമകരമായ അന്വേഷണത്തിനും അങ്ങേയറ്റം നീതിപൂര്‍വമായ വിചാരണയ്ക്കും ശേഷമാണ് പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ വധശിക്ഷയ്ക്ക് അര്‍ഹരാണെന്നും ഇവരെ സമൂഹത്തില്‍ കഴിയാന്‍ അനുവദിച്ചാല്‍ നരഭോജിയായ പുള്ളിപ്പുലിയെ ജനങ്ങള്‍ക്കിടയിലേക്ക് തുറന്നുവിടുന്നതിനു തുല്യമായിരിക്കും അതെന്നും നിഷ്‌കളങ്കരായ കുട്ടികളെയും യുവാക്കളെയും പ്രായമായവരെയും സ്ത്രീപുരുഷന്മാരെയും നവജാതശിശുക്കളെയും അത് തിന്നൊടുക്കുമെന്നുമാണ് വിധിന്യായത്തില്‍ പറയുന്നത്. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കുകയല്ലാതെ രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും മറ്റ് മാര്‍ഗമില്ലെന്നും ഇവരെ എക്കാലത്തേക്കുമായി തടവിലിടാന്‍ രാജ്യത്ത് ജയിലില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. സമൂഹ മനഃസാക്ഷി സംതൃപ്തമാവാന്‍ വധശിക്ഷ ശരിവയ്ക്കപ്പെടണമെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ കസബിന്റെ അപ്പീല്‍ നിരസിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞതാണ് ഇവിടെ ഓര്‍മവരുന്നത്. അഹമ്മദാബാദ് ഭീകരാക്രമണത്തില്‍ അന്‍പത്തെട്ടുപേരുടെ ജീവനെടുക്കുകയും ഇരുനൂറിലേറെപ്പേരെ ജീവച്ഛവമാക്കുകയും െചയ്തവര്‍ എന്തുകൊണ്ട് വധശിക്ഷ അര്‍ഹിക്കുന്നു എന്നതിന്റെ ഉത്തരം ഈ വാക്കുകളിലുണ്ട്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയില്‍പ്പെട്ടവരാണ് രണ്ടായിരത്തിയെട്ടില്‍ അഹമ്മദാബാദ് നഗരത്തിലെ വിവിധയിടങ്ങളില്‍ ബോംബുസ്‌ഫോടനങ്ങള്‍ നടത്തിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കൊണ്ടുചെല്ലുന്ന ആശുപത്രികളിലും ബോംബുസ്‌ഫോടനങ്ങള്‍ നടത്തി. ഒരാള്‍ പോലും രക്ഷപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയയായിരുന്നു ഇത്. ഗര്‍ഭിണിയായ ഒരു ഡോക്ടറുള്‍പ്പെടെ കൊല്ലപ്പെട്ടു. സാങ്കേതികപിഴവുമൂലം നിരവധി ബോംബുകള്‍ പൊട്ടാതിരുന്നത് ഭാഗ്യമായി. മറിച്ചായിരുന്നെങ്കില്‍ ഒരു മഹാദുരന്തത്തില്‍ കലാശിക്കുമായിരുന്നു. എണ്‍പതു മിനിറ്റുകള്‍ക്കകം ഇരുപത്തിയൊന്ന് ഇടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഓഫീസ് ജോലികള്‍ കഴിഞ്ഞ് ആളുകള്‍ തിരക്കിട്ട് വീടുകളിലേക്ക് മടങ്ങിപ്പോകുന്ന ഒരു വൈകുന്നേരമായിരുന്നു കിരാതമായ ഈ ആക്രമണം. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ വധിക്കാനും ഭീകരര്‍ പദ്ധതിയിട്ടിരുന്നു. തങ്ങള്‍ ചെയ്യാന്‍ പോകുന്ന പൈശാചികവൃത്തിയെക്കുറിച്ച്‌ മിനിറ്റുകള്‍ക്ക് മുന്‍പ് ഇ-മെയില്‍ വഴി അധികൃതര്‍ക്ക് ഭീകരര്‍ സന്ദേശം നല്‍കിയിരുന്നു. നിരപരാധികളെ കൊലപ്പെടുത്തുക മാത്രമല്ല രാജ്യത്തിന്റെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയും ഭീകരരുടെ ലക്ഷ്യമായിരുന്നു എന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. അള്ളാഹുവിന്റെ നാമത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീനുകള്‍ വീണ്ടും ആക്രമിക്കുകയാണെന്നും നിങ്ങള്‍ക്ക് കഴിയുന്നത് നിങ്ങള്‍ ചെയ്‌തോളൂ എന്നുമായിരുന്നു ഇ-മെയില്‍ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ഭീകരപ്രവര്‍ത്തനത്തിന് മതമില്ലെന്നു പറയുന്നവരുടെ പൊയ്മുഖമാണ് ഇവിടെ തകര്‍ന്നുവീഴുന്നത്. അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കുശേഷം ഇക്കൂട്ടര്‍ നിശ്ശബ്ദരായിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.

വധശിക്ഷ ലഭിച്ച മുപ്പത്തിയെട്ടുപേരില്‍ മൂന്നുപേര്‍ മലയാളികളാണെന്നതാണ് കേരളത്തിന്റെ ഉറക്കം കെടുത്തുന്നത്. മരണംവരെ ജീവപര്യന്തം ശിക്ഷ ലഭിച്ചവരിലും ഒരു മലയാളിയുണ്ട്. സ്‌ഫോടന പരമ്ബര ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നത് നിരോധിത സംഘടനയായ ‘സിമി’യുടെ മറ്റൊരു രൂപമാണ്. സിമി നിരോധിക്കപ്പെട്ടപ്പോള്‍ ഭീകരര്‍ മറ്റൊരു വേഷത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. രാജ്യത്ത് സിമിയുടെ പ്രവര്‍ത്തനം ഏറ്റവും സജീവമായ സംസ്ഥാനമായിരുന്നു കേരളം. അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണ്. ഇടുക്കി വാഗമണിലും ഗുജറാത്തിലെ മറ്റൊരിടത്തും ഭീകരര്‍ പങ്കെടുത്ത പരിശീലനങ്ങള്‍ നടക്കുകയുണ്ടായി. ഇടതുപക്ഷ ഭരണകാലത്തായിരുന്നു ഭീകരര്‍ വാഗമണില്‍ പരിശീലനം നടത്തിയത്. കേസിലെ മറ്റൊരു പ്രതി പാനായിക്കുളം ദേശവിരുദ്ധ ഗൂഢാലോചനാക്കേസിലുള്‍പ്പെട്ട ആലുവ സ്വദേശിയാണ്. അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്മാര്‍ ഈരാറ്റുപേട്ട സ്വദേശികളായ സഹോദരന്മാരാണ്. സ്‌ഫോടനം നടന്നത് അഹമ്മദാബാദിലാണെങ്കിലും അതിന്റെ വേരുകള്‍ കേരളത്തിലായിരുന്നു എന്നു ചുരുക്കം. കുറേപേര്‍ക്ക് വധശിക്ഷ ലഭിച്ചുവെങ്കിലും ഈ വേരുകള്‍ ഇപ്പോഴും സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന ഇടതു-വലതു മുന്നണികള്‍ ഇസ്ലാമിക മതമൗലികവാദ സംഘടനകെളയും

ഭീകരവാദ സംഘടനകളെയും വെള്ളപൂശുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തെ തട്ടകമാക്കി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇത് ഭീകരര്‍ക്ക് സഹായകമാകുന്നു. ആപല്‍ക്കരമായ ഈ നയം കയ്യൊഴിയാന്‍ അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ വിധി കേരളം ഭരിക്കുന്നവര്‍ പാഠമാക്കണം.

Facebook Comments Box

By admin

Related Post