Kerala News

കരുനാഗപ്പള്ളി പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ റെയ്ഡ്: പോലീസിനെതിരെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ , മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

Keralanewz.com

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നടന്ന റെയ്‌ഡിനെതിരെ പ്രതിഷേധ പ്രകടനവുമായി പ്രവര്‍ത്തകര്‍.

നൂറു കണക്കിനാളുകള്‍ തടിച്ചുകൂടിയാണ് ഓഫിസിന് മുന്‍പില്‍ പോലീസിനെതിരെ പ്രകടനം നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓഫീസിലെത്തി. ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും പോലീസ് പിന്മാറണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം. റെയ്‌ഡിനെ തുടര്‍ന്ന് സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ നില നിന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു റെയ്ഡ് നടന്നത്. ഇന്റലിജന്‍സ് വിഭാഗം എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി സി ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രഹസ്യ യോഗങ്ങള്‍ ചേര്‍ന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു പോലീസ് നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള നിരവധി പേരെ സംശയാസ്പദമായി ഇവിടെ കണ്ടതായും വിവരമുണ്ട്. റെയ്ഡിനായി പോലീസ് എത്തിയപ്പോള്‍ തന്നെ നൂറോളം പ്രവര്‍ത്തകരാണ് ഓടിക്കൂടിയത്.

ഇതിനിടെ ഒരു സംഘം മാധ്യമപ്രവര്‍ത്തകനായ രാജനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. പൊലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. അക്രമികള്‍ വളഞ്ഞപ്പോള്‍ രാജന്‍ സഹായമഭ്യര്‍ച്ചിട്ടും പൊലീസ് മാറിനില്‍ക്കുകയായിരുന്നു. പിടിച്ചെടുത്ത ക്യാമറ പൊലീസ് ഓഫീസര്‍ ഇടപെട്ട് ആണ് വാങ്ങി നല്‍കിയത്. മുഖത്തും ദേഹത്ത് പലഭാഗത്തും മര്‍ദ്ദനമേറ്റ് രാജന്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

റെയ്‌ഡില്‍ നിരവധി രേഖകളും മറ്റും പൊലീസിന് ലഭിച്ചതായാണ് സൂചന. അതേസമയം നേരത്തേ കരുനാ​ഗപ്പള്ളി മേഖലയില്‍ ക്ഷേത്രം പണിയുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണി നിലനിന്നിരുന്നു. സ്ഥലത്തെ കോണ്‍ട്രാക്ടറായ പ്രകാശ് ​ഗീതാഞ്ജലി എന്നയാള്‍ക്കാണ് കത്ത് ലഭിച്ചത്. മുസ്ലീങ്ങളുടെ ജോലികളും നിങ്ങള്‍ ചെയ്യുന്നുണ്ടെന്നും അതില്‍ നിന്ന് കിട്ടുന്ന ലാഭം ഞങ്ങളുടെ ലക്ഷ്യം തകര്‍ക്കാന്‍ വേണ്ടിയുള്ളതല്ലെന്നും കത്തില്‍ പറയുന്നു. നിനക്കൊക്കെ അമ്ബലവും കാര്യാലയവും പണിഞ്ഞ് ഇവിടെ അരക്കിട്ടുറപ്പിക്കാം എന്ന് വിചാരിക്കേണ്ടെന്നും കത്തില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ മാസം പത്താം തീയതിയാണ് പ്രകാശ് ​ഗീതാഞ്ജലി എന്ന ബില്‍ഡര്‍ക്ക് ഊമക്കത്ത് വന്നത്. തഴവ വളാലില്‍ ജം​ഗ്ഷനിലെ ആല്‍ത്തറ ​ഗണപതിക്ക് മറ്റൊരു സ്ഥലത്ത് ക്ഷേത്രം പണിഞ്ഞതാണ് ഒരു വിഭാ​ഗം ആളുകളെ പ്രകോപിപ്പിച്ചത്. റോഡ് വികസനത്തിന് നിലവിലെ ക്ഷേത്രം തടസമാകുന്നു എന്ന തിരിച്ചറിവിലാണ് അതിന് തൊട്ടടുത്ത് തന്നെ നാല് സെന്റ് വസ്തു ഭക്തജനങ്ങള്‍ വാങ്ങിയത്. നാല് വര്‍ഷം മുമ്ബ് സ്ഥലം വാങ്ങിയെങ്കിലും സാമ്ബത്തിക പരാധീനതകളെ തുടര്‍ന്ന് ക്ഷേത്ര നിര്‍മ്മാണം നീണ്ടുപോയി.

പിന്നീട് അടുത്ത സമയത്താണ് വിവിധ മതവിഭാ​ഗത്തില്‍ പെട്ട ഭക്തരുടെ സംഭാവനകള്‍ സ്വരുക്കൂട്ടി ക്ഷേത്രം പണി ആരംഭിച്ചത്. ഇതിന് പ്രകാശന്റെ നല്ല സഹായവും ഉണ്ടായിരുന്നു ഇതേ തുടര്‍ന്നാണ് പ്രകാശന് ഭീഷണിക്കത്ത് വന്നത്. ബിജപി അനുഭാവിയായ പ്രകാശന്‍ ഒരു ബില്‍ഡറാണ്. കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുകയും കെട്ടിട നിര്‍മ്മാണ സാമ​ഗ്രികള്‍ വില്‍ക്കുകയും ചെയ്യുന്ന പ്രകാശന്‍ സ്ഥലത്തെ ഒരു പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ആളുമാണ്. അതുകൊണ്ട് തന്നെ സ്ഥലത്ത് ഒരു ക്ഷേത്രം പണി ആരംഭിച്ചപ്പോള്‍ പ്രകാശനും നല്ല രീതിയില്‍ സാമ്ബത്തിക സഹായം നല്‍കിയിരുന്നു.

ഞങ്ങളുടെ ഒരു താത്ക്കാലിക നിശബ്ദത കൊണ്ടാണ് നീയൊക്കെ ഇവിടെ കഴിയുന്നത് എന്ന് കത്തില്‍ പറയുന്നു. കരുനാ​ഗപ്പള്ളി ജമാ അത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബമുള്ള ഒരു ജമാഅത്താണ് വട്ടപ്പറമ്ബ്. വട്ടപ്പറമ്ബ് ജുമാ മസ്ജിദിന്റെ ചുറ്റളവില്‍ ഏറ്റവും കുറഞ്ഞത് ഒന്നര കിലോമീറ്റര്‍ ഞങ്ങള്‍ക്ക് മാത്രം കഴിയാനുള്ളതാണ്. അതില്‍ ഒരു തടസം നീ കൂടിയാണ്. നീ മാത്രമല്ല, ബാക്കിയുള്ളവര്‍ക്കും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് എന്നും കത്തിലുണ്ട്. കത്തില്‍ നിരവധി പേര്‍ക്കെതിരെ പരസ്യമായ ഭീഷണിയുമുണ്ട്. ഒരു വാഹനാപകടം മതി ഞങ്ങള്‍ക്ക് എന്നും പറയുന്നുണ്ട്.

Facebook Comments Box